വർക്കല: കടലാക്രമണത്തിൽപെട്ട വള്ളത്തിൽനിന്ന് തെറിച്ചുവീണ മത്സ്യത്തൊഴിലാളി കടലിൽ മരിച്ചു. ഓടയം സഹീദ് മൻസിലിൽ ഖസാലിയുടെയും നബീസയുടെയും മകൻ സഹീദ് (43) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴോടെ ഇടവയിലെ വെറ്റക്കട മത്സ്യബന്ധന കേന്ദ്രത്തിലാണ് അപകടം നടന്നത്.രണ്ട് യമഹ എൻജിൻ ഘടിപ്പിച്ച വള്ളത്തിലാണ് അഞ്ചുപേരടങ്ങുന്ന മത്സ്യത്തൊഴിലാളികൾ കടലിൽ പോയത്. തീരത്തുനിന്ന് യാത്രതുടങ്ങിയ വള്ളം തിരപ്പാടിൽെവച്ച് കൂറ്റൻ തിരമാലയിൽപെടുകയായിരുന്നു. എൻജിൻ നിയന്ത്രിച്ചിരുന്ന സഹീദ് വള്ളത്തിൽനിന്ന് തെറിച്ച് കടലിൽ വീഴുകയായിരുന്നു. ഇതിനിടെ വള്ളത്തിെൻറ ഒരു എൻജിൻ നിലച്ചുപോകുകയും ചെയ്തു.കടലിലേക്ക് തെറിച്ചുവീണ സഹീദ് നീന്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തിരമാലയിലകപ്പെടുകയും കാണാതാകുകയുമായിരുന്നു. അപകടം നടന്നയുടൻ വള്ളത്തിലുണ്ടായിരുന്നവരും തീരത്തുനിന്ന് വള്ളമെടുത്ത് പോയവരും ചേർന്ന് വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും സഹീദിനെ കണ്ടെത്തായില്ല. എങ്കിലും തെരച്ചിൽ തുടരുന്നതിനിടെ എട്ടരയോടെ ഓടയം പള്ളിക്ക് മുന്നിലെ കടലിൽ മൃതശരീരം കാണപ്പെട്ടു. തീരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ കടലിൽ ചാടി മൃതശരീരം തീരത്തെത്തിച്ചു. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.ഭാര്യ: റസിയ. മക്കൾ: മസീഹ്, ശ്രേയ.