റാന്നി: അജ്ഞാത കാര്‍ തട്ടി ഇരുചക്രവാഹനത്തിെൻറ പിന്നിൽ യാത്രചെയ്തിരുന്ന അങ്ങാടി സപ്ലൈകോ താൽക്കാലിക ജീവനക്കാരി തല്‍ക്ഷണം മരിച്ചു. ചാലാപ്പള്ളി പുലിയുറുമ്പില്‍ ഗോപാലകൃഷ്ണെൻറ ഭാര്യ മിനികുമാരിയാണ് (49) മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന അങ്ങാടി എസ്.ബി.ഐയിലെ ജീവനക്കാരി ലീനയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കരിങ്കുറ്റി മാർത്തോമപടിക്കു സമീപം പിന്നിലൂടെയെത്തിയ കറുത്ത കാര്‍ ഇവരെ ഇടിച്ചുവീഴ്ത്തിയശേഷം നിര്‍ത്താതെ പോവുകയായിരുന്നു. തെറിച്ചുവീണ മിനിയുടെ തല റോഡിലിടിക്കുകയായിരുന്നു. ഇതേ കാര്‍ മറ്റൊരു വാഹനത്തിൽ ഇടിച്ചതായും സൂചനയുണ്ട്. റാന്നി പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. മക്കൾ: മഹേഷ്, അനീഷ്. മരുമകൾ: അശ്വതി. സംസ്കാരം പിന്നീട്.