ചെങ്ങന്നൂർ: കുട്ടമ്പേരൂർ ആറ്റിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങി കാണാതായ യുവാവിെൻറ മൃതദേഹം കണ്ടെത്തി. ബുധനൂർ എണ്ണക്കാട് ഗൗരി നിവാസിൽ പരേതനായ സുരേഷിെൻറ മകൻ സിദ്ധാർഥാണ് (21) എണ്ണക്കാട് കൊട്ടാരക്കടവിന് സമീപം കുട്ടേമ്പരൂർ ആറ്റിൽ മുങ്ങി മരിച്ചത്. മാതാവ്: ദീപ. സഹോദരൻ: സന്ദീപ്. വ്യാഴാഴ്ച വൈകീട്ട് കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയതാണ്. നവീകരിച്ച ആറ്റിൽ നീന്തുന്നതിനിടെ വെള്ളത്തിൽ താഴ്ന്ന് പോകുകയായിരുന്നു. മാന്നാർ പൊലീസും ചെങ്ങന്നൂർ നിലയത്തിലെ അഗ്നിശമനസേന അംഗങ്ങളും സിവിൽ ഡിഫൻസ് അംഗങ്ങളും രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. വെള്ളിയാഴ്ച രാവിലെ ആലപ്പുഴയിൽനിന്ന് എത്തിയ ഫയർ ഫോഴ്സിെൻറ സ്കൂബ ഡൈവിങ് ടീം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സീനിയർ ഫയർ ഓഫീസർ സാബുവിെൻറ നേതൃത്വത്തിൽ ഉള്ള സ്കൂബ ടീമും ചെങ്ങന്നൂർ ഫയർ സ്റ്റേഷൻ ഓഫിസർ സുനിൽ ജോസഫിെൻറ നേതൃത്വത്തിൽ ഉള്ള സംഘവും കേരള സിവിൽ ഡിഫൻസ് സേന അംഗങ്ങളായ രാജീവ് രാധാകൃഷ്ണൻ, അൻഷാദ് മാന്നാർ, ലാബി ജോർജ് എന്നിവരും തിരച്ചിലിൽ പങ്കെടുത്തു. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.