മക്കരപ്പറമ്പ്: മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറും ജീവകാരുണ്യ, സാമൂഹിക പ്രവർത്തകനും മുസ് ലിം ലീഗ് നേതാവുമായ കാച്ചിനിക്കാട് ചോലക്കൽ കോയ (56) നിര്യാതനായി. കോവിഡ് ബാധിതനായതിനെ തുടർന്ന് രണ്ട് മാസത്തിലധികമായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
എം.എസ്.എഫ് പ്രവർത്തകനായാണ് പൊതുരംഗത്ത് സജീവ സാന്നിധ്യമാവുന്നത്. ദീർഘകാലം ജിദ്ദയിൽ ജോലി ചെയ്തിട്ടുണ്ട്. കെ.എം.സി.സി, പ്രവാസി കൂട്ടായ്മ സംഘാടകൻ, സമസ്തയുടെ സജീവ പ്രവർത്തകൻ, യൂത്ത് ലീഗ്, മുസ് ലിം ലീഗ് കർഷക സംഘം, പഞ്ചായത്ത് മുസ് ലിം ലീഗ് ഉപാധ്യക്ഷൻ, ട്രഷറർ, കാച്ചിനിക്കാട് മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റി സെക്രട്ടറി, കാച്ചിനിക്കാട് ദഅ് വത്തുൽ ഇസ് ലാം സംഘം ജനറൽ സെക്രട്ടറി, മനാർ സ്കൂൾ പി.ടി.എ പ്രസിഡൻറ്, കോക്കനട്ട് ഫെഡറേഷൻ, കാർഷിക സൊസൈറ്റി പ്രസിഡൻറ്, ലഹരി നിർമാർജന സമിതി മങ്കട മണ്ഡലം പ്രസിഡൻറ്, സഹകരണ ബാങ്ക് ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
കഴിഞ്ഞ ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് ആദ്യമായി മത്സരിക്കുന്നത്. കാച്ചിനിക്കാട് ഒന്നാം വാർഡിനെ പ്രതിനിധീകരിച്ചാണ് അംഗമായത്.
പിതാവ്: കാച്ചിനിക്കാട് ചോലക്കൽ അരിമ്പ്രത്തൊടി ഹംസ. മാതാവ്: ചോലക്കൽ ഖദീജ. രാമപുരത്തെ പരേതനായ മേലേടത്ത് മുഹമ്മദ് മാനു ഹാജിയുടെ മകൾ സഫിയയാണ് ഭാര്യ. മക്കൾ: നവാസ് ശരീഫ് (ഹിറ ട്രാവൽസ്, പെരിന്തൽമണ്ണ), മുഹമ്മദ് നിഷാദ് (ദമ്മാം), നദ ഖദീജ. മരുമക്കൾ: റഫീദ നണ്ണത്ത് (ആലത്തൂർപടി), നെല്ലിശ്ശേരി ഹിസാന (രാമപുരം സ്കൂൾപടി). സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, മൊയ്തുട്ടി, ആലി, അബ്ദുൽമജീദ് (അധ്യാപകൻ, പന്തല്ലൂർ ഗവ. ഹൈസ്കൂൾ), ആയിഷ, മറിയുമ്മ, ഉമ്മുകുൽസു. തിത്തുട്ടി, പരേതനായ അബ് ദുറഹ്മാൻ.