കൊല്ലം: സി.പി.ഐ സംസ്ഥാന കൺട്രോൾ കമീഷൻ മുൻ ചെയർമാൻ മുണ്ടയ്ക്കൽ അമൃതകുളം വാഴോട്ട് വീട്ടിൽ പ്രഫ. വെളിയം രാജൻ (85) നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വെളിയത്ത് വാഴോട്ട് കുടുംബത്തിൽ നാരായണെൻറയും നാണിയമ്മയുടെയും മകനായിട്ടായിരുന്നു ജനനം. കൊട്ടാരക്കര ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കവെ എ.ഐ.എസ്.എഫിലൂടെ രാഷ്ട്രീയത്തിലെത്തി. പ്രസിദ്ധമായ ഭക്ഷ്യസമരത്തിൽ പങ്കെടുത്ത് ലോക്കപ് മർദനത്തിനിരയായി. പിന്നീട് വിദ്യാർഥി- യുവജന പ്രസ്ഥാനങ്ങളുടെ സംസ്ഥാന നേതാവായി വളർന്നു. വിവിധ എസ്.എൻ കോളജുകളിൽ പൊളിറ്റിക്സ് വിഭാഗം അധ്യാപകനായിരുന്നു.
സി.പി.ഐ സംസ്ഥാന എക്സി. കമ്മിറ്റിയംഗം, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം, കൊല്ലം കോർപറേഷൻ ഡെപ്യൂട്ടി മേയർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. സംസ്കാരം പോളയത്തോട് ശ്മശാനത്തിൽ നടത്തി. ഭാര്യ: പരേതയായ രാജമ്മ (റിട്ട. കോളജ് അധ്യാപിക). മക്കൾ: രാജ് നാരായണൻ (ഡെപ്യൂട്ടി രജിസ്ട്രാർ, കേരള സർവകലാശാല), പരേതയായ ലക്ഷ്മി. മരുമകൾ: സുജ (അധ്യാപിക, ഗവ. എച്ച്.എസ്.എസ്, കൊട്ടറ).