മലപ്പുറം: മലപ്പുറത്തെ ആദ്യകാല ഡോക്ടർമാരിലൊരാളായ മൈലപ്പുറം ചീനിത്തോട് ചെറുകാട്ടിൽ ഡോ. അബ്ദുല്ല (അബ്ദു ഡോക്ടർ -78) നിര്യാതനായി. മഞ്ചേരി ജില്ല ആശുപത്രി സൂപ്രണ്ടായിരുന്നു. ജില്ല മെഡിക്കൽ ഓഫിസറുടെ ചുമതല വഹിക്കവെയാണ് വിരമിച്ചത്.
തുച്ഛമായ ഫീസ് മാത്രം വാങ്ങി അരനൂറ്റാണ്ടിലധികം കാലം ആതുരസേവനം നടത്തിയ അദ്ദേഹം ജനകീയ ഡോക്ടറെന്നാണ് അറിയപ്പെട്ടത്. 1969ൽ അരീക്കോട് എം.എസ്.പിയിലാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. തുടർന്ന് പടപ്പറമ്പ്, പരപ്പനങ്ങാടി, കടലുണ്ടി നഗരം എന്നിവിടങ്ങളിൽ ജോലി ചെയ്തു. 1974 മുതൽ പത്ത് വർഷത്തോളം മലപ്പുറം എം.എസ്.പിയിലായിരുന്നു. മലപ്പുറം ബ്ലോക്ക് ആശുപത്രി, പൂക്കോട്ടൂർ ഹെൽത്ത് സെൻറർ എന്നിവിടങ്ങളിലും െഡപ്യൂട്ടേഷനിൽ 12 വർഷം മലപ്പുറം ജില്ല സഹകരണ ആശുപത്രിയിലും സേവനമനുഷ്ഠിച്ചു.
കോട്ടപ്പടി മസ്ജിദുൽ ഫത്ത്ഹ് കമ്മിറ്റിയുടെയും മുസ്ലിം പരിപാലന സംഘത്തിെൻറയും പ്രസിഡൻറും കോഡൂർ ഐ.സി.ടി പബ്ലിക് സ്കൂൾ ചെയർമാനുമായിരുന്നു. ഭാര്യ: മറിയുമ്മ മങ്കരത്തൊടി. മക്കൾ: ആഷിഖ് ബാബു (ബ്ലൂ ഡാർട്ട്), ഡോ. നിസാർ (ഖത്തർ), ഡോ. ഹസീന (കണ്ണൂർ), ഡോ. വഹീദ (കൊടുങ്ങല്ലൂർ), നയീം (ആർക്കിടെക്ട് എറണാകുളം). മരുമക്കൾ: ഷൈല, ഡോ. സജ്ന, ഡോ. ഫിറോസ് (കണ്ണൂർ), അഡ്വ. നസ്റുൽ അസ്ലം (കൊടുങ്ങല്ലൂർ), ഷെറിൻ.