ഒറ്റപ്പാലം: ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിെൻറ മൃതദേഹം അഗ്നിരക്ഷാസേനയുടെ രണ്ടാംദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെടുത്തു. ഓട്ടോ തൊഴിലാളിയും കണ്ണിയംപുറം മൂക്കൻചോല പറമ്പിൽ കൃഷ്ണെൻറയും സത്യഭാമയുടെയും മകനുമായ അനൂപാണ് (31) മരിച്ചത്. കണ്ണിയംപുറം കൂനന്തുള്ളി കടവിൽ ഓവ് പാലത്തിന് സമീപം പുഴയിൽ കൂട്ടുകാരുമൊത്ത് വ്യാഴാഴ്ച വൈകീട്ട് നാലിന് കുളിക്കാനിറങ്ങിപ്പോഴാണ് ഒഴുക്കിൽപെട്ടത്. സുഹൃത്തുക്കൾ രക്ഷിക്കാൻ നടത്തിയ ശ്രമം വിഫലമാവുകയും തുടർന്ന് നാട്ടുകാർ അഗ്നിരക്ഷസേനയെയും പൊലീസിനെയും അറിയിക്കുകയുമായിരുന്നു. ഷൊർണൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ രാത്രി എട്ടുവരെ പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും അനൂപിനെ കണ്ടെത്താനായില്ല. വെളിച്ച കുറവുമൂലം നിർത്തിവെച്ച തിരച്ചിൽ വെള്ളിയാഴ്ച രാവിലെ പുനരാരംഭിച്ചു. എട്ടരയോടെ വാണിയംകുളം പഞ്ചായത്തിലെ ചോറോട്ടുർ കടവിന് സമീപം മണൽ തിട്ടയിൽ തങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി. പോസ്റ്റ് മോർട്ടത്തിനായി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അഗ്നിശമന സേന ഷൊർണൂർ യൂനിറ്റിലെ ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ എസ്. അനിൽ കുമാറിെൻറ നേതൃത്തിലായിരുന്നു തിരച്ചിൽ.