മങ്കട: നിർമാണം നടക്കുന്ന വീടിനുമുകളിൽനിന്ന് കിണറ്റിലേക്ക് വീണ അന്തർ സംസ്ഥാന തൊഴിലാളി മരിച്ചു. വടക്കാങ്ങര പോത്തുകുണ്ടിലെ വേങ്ങശ്ശേരി കുഞ്ഞിമുഹമ്മദിെൻറ വീട്ടിൽ ജോലിക്കെത്തിയ അസം സ്വദേശി ജുഗൽ ബൈശ്യയാണ് (30) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം.
രണ്ടാംനിലയുടെ പുറംഭാഗത്ത് സിമൻറ് തേക്കുന്നതിനിടെ കാൽ തെന്നിവീഴുകയായിരുന്നു. സൺഷേഡിൽ തലയിടിച്ച് ആഴമുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. സഹതൊഴിലാളികളും അയൽവാസികളും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കിണറ്റിൽ ഓക്സിജൻ ഇല്ലാത്തത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ഉടൻ വിവരമറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫിസർ എം. അബ്ദുൽ ഗഫൂറിെൻറ നേതൃത്വത്തിൽ മലപ്പുറം അഗ്നിരക്ഷാസേനയെത്തി. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ടി. ജാബിർ, പി. മുഹമ്മദ് ഷിബിൻ എന്നിവർ ബ്രീത്തിങ് അപ്പാരറ്റസ് സെറ്റ് ധരിച്ച് ഇറങ്ങിയാണ് ചെയർ നോട്ടിെൻറ സഹായത്തോടെ തൊഴിലാളിയെ കിണറ്റിന് പുറത്തെത്തിച്ചത്.
ഉടൻ സി.പി.ആർ നൽകി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സീനിയർ ഫയർ ഓഫിസർ കെ. പ്രതീഷ്, സേനാംഗങ്ങളായ കെ.പി. ഷാജു, എ. ലിജു, എം. തസ്ലീം, മനോജ് മുണ്ടക്കാട്ട്, എൽ. ഗോപാലകൃഷ്ണൻ, കെ. നവീൻ, ഹോം ഗാർഡുമാരായ കെ. കെ. ബാലചന്ദ്രൻ, ഉണ്ണികൃഷ്ണൻ, ടി. കൃഷ്ണകുമാർ സിവിൽ ഡിഫൻസ് വളൻറിയർമാരായ മുഹമ്മദ് അമ്പലക്കുത്ത്, ഷിജു കോലേരി എന്നിവർ ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്.