ചേലേമ്പ്ര: ചേലേമ്പ്ര പൊയില്തൊടിയില് പഞ്ചായത്ത് കുളത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പൊയില്‍തൊടി വി.പി. സുലൈമാെൻറ മകന് ഷമീം സുലൈമാനാണ് (15) മരിച്ചത്. പത്താം ക്ലാസ് വിദ്യാർഥിയാണ്. ശനിയാഴ്ച ഉച്ചക്ക് 12ഒാടെയായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം മുങ്ങാംകുഴിയിട്ട് കളിച്ചുകൊണ്ടിരിക്കെ ഷമീം പൊങ്ങാതായപ്പോൾ കൂട്ടുകാർ ബഹളംവെക്കുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് സമീപത്തെ വയലിൽ ജോലി ചെയ്യുകയായിരുന്ന കർഷകനും നാട്ടുകാരും ഓടിയെത്തി ഷമീമിനെ മുങ്ങിയെടുത്ത് രാമനാട്ടുകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഞായറാഴ്ച ഉച്ചയോടെ രാമനാട്ടുകര ചമ്മലിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മാതാവ്: റസിയ. സഹോദരങ്ങൾ: സൽമ, റുഷ്ദ.