വർക്കല: എഴുത്തുകാരനും സ്വതന്ത്ര പത്രപ്രവർത്തകനും പാരലൽ കോളജ് അധ്യാപകനുമായ ശ്യാംകുമാർ (67) നിര്യാതനായി. അവിവാഹിതനാണ്. പാളയംകുന്ന് കെട്ടിടത്തിൽ പരേതരായ ശങ്കരക്കുറുപ്പിെൻറയും ഭാനുമതിയമ്മയുടെയും മകനാണ്. 1971ൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് കോളജ് വിദ്യാർഥികൾക്കായി നടത്തിയ സാഹിത്യ മത്സരത്തിൽ ചെറുകഥക്ക് സമ്മാനം നേടിക്കൊണ്ടായിരുന്നു സാഹിത്യരംഗത്തേക്കുള്ള കടന്നുവരവ്. മറ്റൊരു സന്ധ്യകൂടി എന്ന ചെറുകഥക്കായിരുന്നു സമ്മാനം. പിൽക്കാലത്ത് വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ഏതാനും നോവലുകളും നിരവധി ചെറുകഥകളും ലേഖനങ്ങളുമെഴുതി. ഗ്രാമീണ പശ്ചാത്തലത്തിലുള്ളവയായിരുന്നു ശ്യാംകുമാറിെൻറ മിക്ക നോവലുകളും. നിങ്ങൾക്കായി ഒരു പ്രേമകഥ, വാനവും ഭൂമിയും എന്നീ നോവലുകൾ കേരളകൗമുദി ആഴ്ചപ്പതിപ്പിലാണ് പ്രസിദ്ധീകരിച്ചത്. കേരളശബ്ദം, കുങ്കുമം തുടങ്ങിയ വാരികകളിലും നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ധാരാളം രചനകളുണ്ടെങ്കിലും ഒരെണ്ണംപോലും പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടില്ല. ആൾക്കൂട്ടങ്ങളിൽപെടാതെ ഒതുങ്ങിക്കഴിയുന്ന പ്രകൃതമായിരുന്നു ശ്യാമിെൻറത്. എഴുത്തുകാരെൻറ മട്ടും ഭാവവുമൊന്നുമില്ലാതെ ഏകാന്തവും ഒറ്റപ്പെട്ടതുമായ ഒരു ജീവിതമായിരുന്നു അവസാനകാലം വരെയും. കായലും സ്ത്രീയും എന്നൊരു നോവലിെൻറ രചനയിലായിരുന്നെങ്കിലും പൂർത്തിയാക്കാനായില്ല. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. ശശികുമാരക്കുറുപ്പ്, പരേതനായ ശ്രീകുമാർ, രാജ്കുമാർ എന്നിവർ സഹോദരങ്ങളാണ്.