കൊട്ടിയം: കിടപ്പുമുറിയിൽ പന്ത്രണ്ടുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മയ്യനാട് ആലുംമൂട് സ്കൂളിനടുത്ത് വാടകക്ക് താമസിക്കുന്ന ശിവെൻറയും സുനിതയുടെയും മകൻ ശരത് (12) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. കൊല്ലത്ത് ബാങ്കിൽ വായ്പയെടുക്കുന്നതിനായി പോയിരുന്ന മാതാവ് സുനിതയും സഹോദരനായ സേതുവും മടങ്ങിയെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ കട്ടിലിന് മുകളിൽ മേൽക്കൂരയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ ശരതിനെ കാണുന്നത്. മേവറത്തുള്ള സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും മരിച്ചനിലയിലായിരുന്നു. വാളത്തുംഗൽ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു. മാപ്പ് ചോദിച്ചുകൊണ്ടുള്ള ഒരു കത്ത് കിടപ്പുമുറിയിൽനിന്ന് ചാത്തന്നൂർ എ.സി.പി വൈ. നിസാമുദ്ദീെൻറ നേതൃത്വത്തിലുള്ള പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ നാട്ടുകാർ ദുരൂഹത ആരോപിച്ചതിനെതുടർന്ന് പൊലീസ് അയൽവാസികളിൽ നിന്നുൾപ്പെടെ മൊഴിയെടുത്തു. പൊലീസ് ശാസ്ത്രീയ പരിശോധന വിദഗ്ധരും ഡോഗ് സ്ക്വാഡ് സംഘവും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കൊട്ടിയം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.