നെന്മാറ: കയറാടി പട്ടുകാട്ടിൽ അയ്യപ്പക്ഷേത്രത്തിനടുത്തുള്ള റോഡരികിലെ കരിങ്കല്ലുകൊണ്ടുള്ള ചുമടുതാങ്ങിയിൽ നിയന്ത്രണം വിട്ട പിക്അപ് വാൻ ഇടിച്ച് ഡ്രൈവർ മരിച്ചു. പുതുപ്പരിയാരം പൂച്ചിറ അബ്ദുൽ റഹീമാണ് (40) മരിച്ചത്. വാനിൽ ഒപ്പമുണ്ടായിരുന്ന കയറാടി പറയമ്പള്ളം സ്വദേശി ഷംസുദ്ദീന് (58) കൈക്ക് നിസ്സാര പരിക്കേറ്റു. ബുധനാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. പാലക്കാട്ടെ സിമൻറ് കടയിൽനിന്ന് സിമൻറുമായി ഒലിപ്പാറയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. നേരത്തെ ഗൾഫിലായിരുന്ന അബ്ദുൽ റഹീമിന് നാട്ടിലെത്തിയപ്പോൾ തിരിച്ചുപോകാൻ ലോക്ഡൗൺ തടസ്സമായി. തുടർന്ന് വാഹനമോടിച്ചായിരുന്നു ഉപജീവനം നടത്തിയത്. സാധാരണ വരാറുള്ള ഡ്രൈവർക്കു പകരക്കാരനായാണ് ഒലിപ്പാറയിലേക്ക് പോയത്. ഒലിപ്പാറയിലേക്കുള്ള വഴിയറിയാത്തതിനാൽ തിരുവഴിയാട് വെച്ച് ലോട്ടറി വിൽപനക്കാരനായ ഷംസുദ്ദീനെ ഒപ്പം കൂട്ടുകയായിരുന്നു. വാനിെൻറ മുൻവശത്തെ ചില്ല് തകർന്ന് കരിങ്കല്ല് അബ്ദുൽ റഹീമിെൻറ തലക്കിടിച്ചാണ് മരിച്ചത്. അടുത്തിരുന്ന ഷംസുദ്ദീെൻറ കൈയിൽ കല്ല് തട്ടി നേരിയ പരിക്കുണ്ട്. നാട്ടുകാർ ചേർന്ന് നെന്മാറ ഗവ. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും അബ്ദുൽ റഹീം മരിച്ചു. പിതാവ്: പരേതനായ കുഞ്ഞുമോൻ. മാതാവ്: സുഹറ (അംഗൻവാടി വർക്കർ). ഭാര്യ: സീനത്ത്. മക്കൾ: ആദിൽ, അദിനാൻ, അജ്മൽ. സഹോദരങ്ങൾ: കാജാ ഹുസൈൻ, സൗജത്ത്.