നെടുമങ്ങാട്: ചലച്ചിത്ര, നാടകരംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെ സജീവമായിരുന്ന ആനാട് ചന്ദ്രമംഗലം കൊച്ചുവീട്ടിൽ എൻ. ബാലകൃഷ്ണൻ (ബി.കെ. ശാസ്തമംഗലം -76) നിര്യാതനായി. കഥാപ്രസംഗം, പത്രപ്രവർത്തനം തുടങ്ങിയ രംഗങ്ങളിൽ സജീവമായിരുന്നു. നരകത്തിൽ അഞ്ചു സെന്റ്, പ്രതി ഹാജർ ഉണ്ട്, ശിലായുഗം, ബ്ലാക്ക് വാറണ്ട്, സൂര്യഘട്ടം തുടങ്ങിയ നാടകങ്ങൾ എഴുതി സംവിധാനം ചെയ്തു. അമ്പതിൽപരം നാടകങ്ങൾ അഭിനയിച്ചിട്ടുണ്ട്. ഓർക്കുമോ വല്ലപ്പോഴും, ഓർമിക്കാൻ ഒരു കൈയക്ഷരം എന്നിവ നോവലുകളാണ്. 1983ൽ ചാരവലയം എന്ന ചിത്രത്തിലൂടെ മൂന്നു വേഷങ്ങൾ ചെയ്തു കൊണ്ടാണ് സിനിമ രംഗത്തേക്ക് കടന്നുവന്നത്. ഇതിന്റെ ഹിന്ദി പതിപ്പായ ജവാനി കി കഹാനി, ക്രൈംബ്രാഞ്ച്, ചുവപ്പുനാട, അപ്സരസ്സ്, മുത്തശ്ശി, മലരമ്പൻ എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും സഹ സംവിധായകൻ ആയി പ്രവർത്തിക്കുകയും ചെയ്തു. ഓൾ ഇന്ത്യ റേഡിയോക്കുവേണ്ടിയും നാടകം എഴുതിയിട്ടുണ്ട്. തിരുവനന്തപുരത്ത് ട്രാവൻകോർ ആർട്സ് സ്ഥാപന ഉടമയാണ്. ഭാര്യ: എം.എസ്. രേണുക ദേവി. മകൻ: കിരൺ.ബി.ആർ.