ഇരിങ്ങാലക്കുട: തിരുവനന്തപുരം കുടുംബക്കോടതി ജഡ്ജി ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പിൽ പാറയിൽ വീട്ടിൽ ബിജു മേനോൻ (53) നിര്യാതനായി. പരേതനായ രാംദാസിന്റെയും സുഭദ്രയുടെയും മകനാണ്. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇരിങ്ങാലക്കുട ഡോൺബോസ്കോ സ്കൂൾ, ക്രൈസ്റ്റ് കോളജ്, കോഴിക്കോട് ഗവ. ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അഭിഭാഷകനായി ഇരിങ്ങാലക്കുടയിൽ പ്രാക്ടീസ് ആരംഭിച്ചതിനുശേഷം 2001ൽ ചിറ്റൂരിൽ മജിസ്ട്രേറ്റായി ജുഡീഷ്യൽ സർവിസിൽ പ്രവേശിച്ചു. തുടർന്ന് വടക്കാഞ്ചേരി, ഒറ്റപ്പാലം, ചാവക്കാട്, കോഴിക്കോട്, വടകര, എറണാകുളം എന്നിവിടങ്ങളിൽ മുൻസിഫായും സബ് - ജഡ്ജി ആയും പ്രവർത്തിച്ചു. നേരത്തേ ഇരിങ്ങാലക്കുടയിൽനിന്ന് നഗരസഭയിലേക്കും നിയമസഭയിലേക്കും ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. ഭാര്യ: സന്ധ്യ (അധ്യാപിക). മക്കൾ: ഋഷികേശ് (എൽ.എൽ.ബി വിദ്യാർഥി), നീരജ (പ്ലസ് ടു വിദ്യാർഥിനി). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഇരിങ്ങാലക്കുടയിലെ വസതിയിൽ.