ഭാഷാ നിഘണ്ടുവിലേക്ക് ഒരു പുതിയ പദം

അയ്യോ...
ഉടലാകെപ്പൊള്ളി
കുടൽമാല കീറി
കുരുതിയാക്കപ്പെട്ട
ഒരു കുഞ്ഞിന്റെ
ദീന ഞെരക്കത്തെ
ഏതു ക്രിയാനാമത്താലാണ്
വിവക്ഷിക്കുവാനാകുക?
റബ്ബേ,
ആ കൊഴുത്ത ചെന്നായയുടെ
പുഴുത്ത കടവായിലൂടെ
തുടം തുടം
ചാലിട്ടൊഴുകിയ
ചോരയ്ക്ക്
ദ്രവ്യ, സംജ്ഞാ,
സാമാന്യ നാമങ്ങളിൽ
ഏതു പദമാണ്
ഞാൻ തിരഞ്ഞു
കണ്ടെത്തുക?
അർ റഹീം,
കല്ലുളികൾപോൽ
കൂർത്ത തേറ്റയാൽ
കടിച്ച്
കുടഞ്ഞെറിയപ്പെട്ട
കുന്നിമണിപോലുള്ള
ആ കുഞ്ഞുഹൃദയം
കല്ലുകൾ കാച്ചി
മുള്ളുതറച്ച്
മണ്ണുപുതഞ്ഞ്
പിടച്ച്
തുടിപ്പണഞ്ഞത്,
നരഹത്യയെന്ന
കേവലക്രിയയിൽ
ചുരുക്കുവാനാകുമോ?
പടച്ചവനേ,
മുലകടഞ്ഞ്
മുലക്കണ്ണറുത്ത്
അടിവയർ വീർത്ത്
ഗർഭപാത്രം തള്ളി,
ആഞ്ഞൊരൂർധത്താൽ
പിന്നിലേക്ക് പിടഞ്ഞുവീണ
സന്നിപാതമൂർച്ഛയെ
മാതൃദുഃഖമെന്ന്
ഏതു
കീശാനിഘണ്ടുവിലാണ്
അച്ചുനിരത്തിയിട്ടുള്ളത്!
അല്ലാഹ്,
ആ നേർസാക്ഷ്യത്തിന്റെ
നടുക്കത്താൽ,
നിരന്തര സ്ഫോടനങ്ങളുടെ
മുഴക്കത്താൽ
ചുറ്റിലും ഗന്ധകം നാറുന്ന
ഈ നാശംപിടിച്ച
നശിച്ച നട്ടുച്ചക്ക്,
രേതസ്സൊടുങ്ങിയ
ഈ മാനംകെട്ട
എഴുത്തുപേനയുടെ
ഷണ്ഡതയെ
ഭാവനാശൂന്യതയെന്ന്
നിരാമയം നിശ്വസിച്ച്
മയക്കം നടിക്കാനാകുമോ?
പെരിയോനെ,
ഈ ഗതികെട്ട കാലത്തിന്റെ
ദ്രവിച്ച പദങ്ങളുടെ
ആ മുടിഞ്ഞ പദാവലിയിൽ,
അന്ധനായ്
ബധിരനായ്
മൂകനായ്
ജനിച്ചുപോയതിന്റെ
നിരാശയാലും
ജുഗുപ്സയാലും
ഭയത്താലും
അകംപൊള്ളുന്ന
ആത്മനിന്ദയാലും
പനിച്ചു വിറച്ചു
മരച്ചുപോയ
വിരലുകളാൽ
പകരമൊരു പദം
കുറിച്ചുചേർത്ത്,
അനാവൃതമായ
സ്വന്തം നഗ്നതയിൽ
ഈ തുലഞ്ഞ തൂലിക ഞാൻ
കുത്തിയൊടിക്കട്ടെ..!
ഗസ്സാ...
-------------
(*കെ.ഇ.എന്നിനെ കേട്ടതിൽനിന്ന്!)