ഫറോക്ക്: കാണാതായ യുവാവിന്റെ മൃതദേഹം ചാലിയാർ പുഴയിൽ കണ്ടെത്തി. ഫറോക്ക് മാർക്കറ്റ് റോഡിൽ ഗ്രീൻ പാർക്ക് ഹോട്ടൽ വ്യാപാരി ഫറോക്ക് ഇ.എസ്.ഐ ആശുപത്രിക്ക് സമീപം എടക്കാട്ട് താഴം പാതിരിക്കാട്ട് ലോഹിതാക്ഷന്റെ മകൻ ശബരിനാഥ് എന്ന മണിയുടെ (37) മൃതദേഹമാണ് ചാലിയം ബോട്ടുജെട്ടിക്ക് സമീപം വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയത്.
വ്യാഴാഴ്ച പുലർച്ചെ മുതലാണ് യുവാവിനെ കാണാതായത്. പിതാവിനും സഹോദരനുമൊപ്പം ഹോട്ടൽ നടത്തിവരികയാണ് ശബരിനാഥ്. പുലർച്ചെ അഞ്ചരമണിയോടെ കട തുറക്കാനായി വീട്ടിൽനിന്നും ഇറങ്ങിയ യുവാവ് കടയിലെത്താത്തതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടയിലാണ് മൊബൈൽ ഫോണും പഴ്സും കടക്കു സമീപത്ത് കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ യുവാവ് ഓടിച്ച ബൈക്ക് ഫറോക്ക് പുതിയ പാലത്തിന് സമീപവും ചെരിപ്പ് പാലത്തിന്റെ ഫുട്ട്പാത്തിലും കണ്ടെത്തി. വിവരം അറിയിച്ചതിനെ തുടർന്ന് മീഞ്ചന്തയിൽനിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു.
വെള്ളിയാഴ്ച രാവിലെ തിരച്ചിൽ നടത്തുന്നതിന് മുമ്പെ ചാലിയത്ത് നാട്ടുകാർ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചക്ക് രണ്ടുമണിയോടെ വീട്ടിലെത്തിച്ച മൃതദേഹം മൂന്നുമണിയോടെ ഗോതീശ്വരം ശ്മശാനത്തിൽ സംസ്കരിച്ചു. മാതാവ്: റീത്ത. ഭാര്യ: വിജിന. മക്കൾ: മയൂഖ്, മിഗലക്ഷ്മി. സഹോദരങ്ങൾ: ശാഖീഷ്, ശ്രുതി.