വടകര: ചോറോട് ചേന്ദമംഗലം ശിവക്ഷേത്ര കുളത്തിൽ മധ്യ വയസ്കനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മടപ്പള്ളി ഗവ. കോളജിന് സമീപം കൊറ്റത്ത് വീട്ടിൽ വിനോദനെയാണ് (46) മരിച്ചനിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ 5.30 ഓടെ വീട്ടിൽനിന്നും ക്ഷേത്രത്തിലേക്ക് പോയതാണ്. രാവിലെ ആറുമണിയോടെ കുളത്തിനടുത്ത് വസ്ത്രങ്ങളും ഫോണും ചെരിപ്പും ഇരുചക്ര വാഹനവും കണ്ട് സംശയം തോന്നിയ നാട്ടുകാർ ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷൻ ഓഫിസർ അരുണിന്റെ നേതൃത്വത്തിൽ വടകരയിൽനിന്ന് എത്തിയ അഗ്നിരക്ഷാ യൂനിറ്റിലെ സ്കൂബാ ഡൈവർ ഗംഗാധരൻ എം.കെ സ്കൂബ സെറ്റിന്റെ സഹായത്തോടെ മുങ്ങിയപ്പോഴാണ് മൃതദേഹം കണ്ടത്.
തുടർന്ന് മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വടകര പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. പിതാവ്: പരേതനായ കൃഷ്ണൻ. മാതാവ്: ജാനകി. ഭാര്യ: സിന്ധു. മക്കൾ: യദുകൃഷ്ണ, നിവേദ് കൃഷ്ണ. സഹോദരങ്ങൾ: പവിത്രൻ, ബിജുനാഥ്, ബിന്ദു, സിന്ധു.