കൊടുവള്ളി: സിനിമ, സീരിയല്‍, നാടകനടന്‍ ബാബുരാജ് വാഴപ്പിള്ളി (59) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. തൃശൂര്‍ വാഴപ്പള്ളി സ്വദേശിയായ ബാബുരാജും കുടുംബവും ഏറെക്കാലമായി കോഴിക്കോട് കൊടുവള്ളി മാനിപുരത്തിനു സമീപം കുറ്റൂരുചാലിലാണ് താമസം. തൃശൂരില്‍ നാടകരംഗത്ത് സജീവമായാണ് കലാപ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് സിനിമ, സീരിയല്‍ രംഗങ്ങളിലും സജീവമായി. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, സി.ഐ.എ, മാസ്റ്റര്‍പീസ്, ഗുണ്ട ജയന്, ബ്രേക്കിങ് ന്യൂസ്, മനോഹരം, അര്‍ച്ചന 31 നോട്ട്ഔട്ട് തുടങ്ങിയ നിരവധി മലയാള സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കായംകുളം കൊച്ചുണ്ണി, മിന്നുകെട്ട്, നന്ദനം, അയ്യപ്പനും വാവരും, തച്ചോളി ഒതേനന്, ഹരിചന്ദനം, കുഞ്ഞാലി മരക്കാര്‍ തുടങ്ങിയ നിരവധി ടി.വി സീരിയലുകളിലും അഭിനയിച്ചു. അഭിനയം, തിരക്കഥ രചന, കലാസംവിധാനം, നാടകസംവിധാനം, വെളിച്ചവിതാനം തുടങ്ങിയ രംഗങ്ങളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സന്ധ്യ (നാടകപ്രവര്‍ത്തക). മകന്: ബിഷാല്‍.