കൽപകഞ്ചേരി: സൈക്കിളിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥി മരിച്ചു.
ചെറവന്നൂർ പാറമ്മലങ്ങാടിക്ക് സമീപം ജപ്പാൻപടി മാതൃകുണ്ട് ഇറക്കത്തിലുണ്ടായ അപകടത്തിൽ തിരുവനന്തപുരം സ്വദേശിയും ഇരിങ്ങാവൂർ അങ്ങാടിയിൽ വാടകക്ക് താമസിക്കുന്ന വെള്ളാട്ടുപടി കൃഷ്ണകുമാറിന്റെ മകനുമായ അഭിഷേക് (15) ആണ് മരിച്ചത്.
കൽപകഞ്ചേരി വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്. ബുധനാഴ്ച വൈകീട്ട് നാലിനാണ് സംഭവം. സ്കൂൾ വിട്ടതിനു ശേഷം ഇരിങ്ങാവൂരിൽനിന്ന് ജപ്പാൻ പടിയിലുള്ള പാടത്തേക്ക് സുഹൃത്തുക്കളുമൊത്ത് കളിക്കാൻ പോകുന്നതിനിടെയാണ് അപകടം.
മാതൃകുണ്ട് ഇറക്കത്തിൽ സൈക്കിൾ നിയന്ത്രണംവിട്ട് സമീപത്തെ വീടിന്റെ ഭിത്തിയിൽ തലയിടിക്കുകയായിരുന്നു. തിരൂർ ജില്ല ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മാതാവ്: വിജയ ലക്ഷ്മി. സഹോദരി: അക്ഷയ.