വേങ്ങര: കണ്ണമംഗലം ചെരുപ്പടി മലയിൽ യുവാവിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരൂരങ്ങാടി കരുമ്പിൽ ചുള്ളിപ്പാറ പരേതനായ പറമ്പേരി യാഹുദ്ദീന്റെ മകൻ മുഹമ്മദ് ഫായിസ് (24) ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണംവിട്ട് താഴേക്കു മറിഞ്ഞാണ് അപകടം എന്നു കരുതുന്നു.
ചെരുപ്പടി മലയിലേക്കു പോകുന്ന വഴിയിൽ വട്ടപ്പൊന്ത ചെറേക്കാട് എന്ന സ്ഥലത്ത് ചൊവ്വാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.
ഏതാണ്ട് ഏഴു മീറ്റർ താഴ്ചയിൽ കിടന്നിരുന്ന മൃതദേഹത്തിനു സമീപം തകർന്ന ബൈക്കും കണ്ടെത്തി. തിങ്കളാഴ്ച രാത്രി വീട്ടിൽനിന്ന് പോയതാണ്.
വേങ്ങര പൊലീസ് ഇൻക്വസ്റ്റ് നടത്തി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ചുള്ളിപ്പാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ രാത്രിയോടെ ഖബറടക്കി.
ഫായിസ് പെയിന്റിങ് ജോലിക്കാരനായിരുന്നു. മാതാവ്: ആമിനു നീലങ്ങത്ത് (ചെറുമുക്ക്).
സഹോദരങ്ങൾ: ഷാജഹാൻ, നിയാസ്, ഉമൈമത്തുൽ അസ്ലമിയ്യ.