തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെ നീന്തൽകുളത്തിൽ വിദ്യാർഥി മുങ്ങിമരിച്ച നിലയിൽ. സര്‍വകലാശാലയിലെ ഇന്റഗ്രേറ്റഡ് പി.ജിയായ എം.എ ഡെവലപ്മെന്റ് സ്റ്റഡീസ് രണ്ടാംവര്‍ഷ വിദ്യാർഥിയും എടവണ്ണ കല്ലിടുമ്പിൽ ‘ഹൈക്കു’ വീട്ടില്‍ പി. അബ്ദുല്ലക്കുട്ടി മാസ്റ്ററുടെ മകനുമായ ഷഹാനെയാണ് (23) മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച പുലര്‍ച്ച നാലിനും അഞ്ചിനും ഇടയിലാണ് സംഭവം. ഷഹാനും സുഹൃത്തുക്കളും സര്‍വകലാശാല കാമ്പസില്‍ ഒരുക്കിയ വലിയ സ്ക്രീനില്‍ ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍ മത്സരം കണ്ടശേഷം സര്‍വകലാശാല നീന്തൽകുളത്തിൽ കുളിക്കാനെത്തുകയായിരുന്നു. അടഞ്ഞുകിടന്ന അക്വാറ്റിക് കോംപ്ലക്സിന്റെ മതില് ചാടിക്കടന്നാണ് ഇവർ സ്വിമ്മിങ് പൂളില്‍ പ്രവേശിച്ചതെന്ന് പറയുന്നു. കുളി കഴിഞ്ഞ് കയറിയ സുഹൃത്തുക്കള്‍ ഷഹാനെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോൾ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
അക്വാറ്റിക് കോംപ്ലക്സിന്റെ ഗേറ്റിലെ പൂട്ട് തകര്‍ത്ത് ഷഹാനെ പുറത്തെത്തിക്കുകയും സുരക്ഷ വിഭാഗം ഓഫിസില്‍ അറിയിച്ച് സര്‍വകലാശാല ആംബുലന്‍സില്‍ ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. മാതാവ്: റുമാനത്ത്. സഹോദരി: ഹെന്ന.