പയ്യന്നൂർ: പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസ് ഐ.എൻ.ടി.യു.സി നേതാവും സഹകാരിയുമായ കണ്ണോത്ത് കുഞ്ഞികൃഷ്ണൻ നായർ (കെ.എൻ. കണ്ണോത്ത് -94) നിര്യാതനായി. 1996ൽ പയ്യന്നൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. കെ.എന്. കണ്ണോത്തിനെ 28,000 വോട്ടിന് പരാജയപ്പെടുത്തിയ പിണറായി വിജയൻ 59 ശതമാനത്തിലേറെ വോട്ട് നേടിയാണ് നിയമസഭയിലെത്തിയത്.
1930 ജൂൺ ഏഴിന് തെക്കടവൻ വലിയ വീട്ടിൽ രാമൻ നായരുടെയും കണ്ണോത്ത് പാട്ടിയമ്മയുടെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഹൈസ്കൂളിൽ പഠിക്കുമ്പോൾ ക്വിറ്റിന്ത്യ സമരത്തിൽ പങ്കെടുക്കാൻ ക്ലാസ് ബഹിഷ്കരണത്തിന് നേതൃത്വം നൽകി. ടി.ടി.സി കഴിഞ്ഞ് കുറച്ചുകാലം അധ്യാപകനായി ജോലി ചെയ്തു. തുടർന്ന് റെയിൽവേയിൽ ജോലി നേടിയ ശേഷമാണ് റെയിൽവേ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. റെയിൽവേ സൂപ്രണ്ടായാണ് വിരമിച്ചത്. കോൺഗ്രസ് നേതൃസ്ഥാനത്ത് സജീവമായെങ്കിലും ഏറെക്കാലമായി വാർധക്യസഹജമായ അസുഖത്തെ തുടർന്ന് വിശ്രമത്തിലായിരുന്നു.
ഭാര്യ: പരേതയായ വി.ഒ. പത്മാവതി ടീച്ചർ (റിട്ട. അധ്യാപിക കേളോത്ത് സെൻട്രൽ യു.പി സ്കൂൾ). മക്കൾ: വി.ഒ. ജയശ്രീ, വി.ഒ. പ്രമോദ് (റിട്ട. കേണൽ), വിനോദ് കൃഷ്ണൻ (അമേരിക്ക). മരുമക്കൾ: കണ്ണോത്ത് വേണുഗോപാൽ (സി.ഇ.ഒ, സി.ബി.ടി.എസ് ചെന്നൈ), ഗീത നമ്പ്യാർ, ജോഷില (യു.എസ്.എ). സഹോദരങ്ങൾ: പരേതരായ കണ്ണോത്ത് പാർവതിയമ്മ, കണ്ണോത്ത് കുഞ്ഞിരാമൻ നായർ, കണ്ണോത്ത് നാരായണൻ നായർ, കണ്ണോത്ത് കുഞ്ഞിക്കണ്ണൻ നായർ. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് കേളോത്ത് ‘കൈവല്യം’ ശ്മശാനത്തിൽ.