പട്ടാമ്പി/പെരിന്തൽമണ്ണ: ബൈക്ക് ടാങ്കർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരിയായ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ഏലംകുളം മുതുകുർശ്ശി സ്വദേശി ഏറെയത്ര വീട്ടിൽ ഫാത്തിമ അൻസിയയാണ് (18) മരിച്ചത്. പട്ടാമ്പി-പുലാമന്തോൾ പാതയിൽ വള്ളൂർ രണ്ടാം മൈലിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ അൻസിയയെ പട്ടാമ്പിയിലെയും പെരിന്തൽമണ്ണയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും മരിച്ചു.
ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് കൊണ്ടോട്ടി പുത്തലം വീട്ടിൽ ഷമീർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പെരിന്തൽമണ്ണ മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിൽ ഡി.പി.എ (ഡിപ്ലോമ ഇൻ ഫാർമസി അസിസ്റ്റന്റ്) വിദ്യാർഥിനിയാണ് അൻസിയ.
മാതാവ്: സുലൈഖ. പിതാവ്: ഉമ്മറുദ്ദീൻ. സഹോദരങ്ങൾ: അബ്ദുൽ ഹക്കീം, ഹബീബ് റഹ്മാൻ. നിയമനടപടികൾ പൂർത്തിയാക്കിയശേഷം മുതുകുർശ്ശി ചേനാംപറമ്പ് ജുമാ മസ്ജിദിൽ ഖബറടക്കും.