എടവണ്ണ: ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ചുവീണ് ബൈക്ക് യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം. എടവണ്ണ ആര്യൻതൊടിക പാലപ്പറ്റ കരിമ്പനക്കൽ വീട്ടിൽ അഷറഫിന്റെ മകൻ ഹനീൻ അഷറഫ് (18) ആണ് മരിച്ചത്. എടവണ്ണ ഇസ്ലാഹിയ ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.
എടവണ്ണ-അരീക്കോട് റോഡിൽ മുണ്ടേങ്ങര ജുമാമസ്ജിദിനു മുന്നിൽ ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് അപകടം. തൊട്ടുമുന്നിൽ ഉണ്ടായിരുന്ന വാഹനം പെട്ടെന്ന് നിർത്തിയപ്പോൾ ബ്രേക്ക് ചെയ്തതോടെ ബൈക്കിനു പിറകിൽ ഇരുന്ന ഹനീൻ എതിർദിശയിൽനിന്നു വന്ന ടിപ്പർ ലോറിയുടെ അടിയിലേക്ക് തെറിച്ചുവീണു. ഹനീൻ സംഭവസ്ഥലത്ത് മരിച്ചു.
ബൈക്ക് ഓടിച്ചിരുന്ന കാരക്കുന്ന് സ്വദേശി മുഹമ്മദ് നാജിദിന് (22) നിസ്സാര പരിക്കേറ്റു. നാജിദിനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹനീന്റെ മൃതദേഹം രാത്രി ആര്യൻതൊടിക സലഫി മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: ബുഷ്റ. സഹോദരങ്ങൾ: അഷ്ഫഖ്, ഹിബ ഷെറിൻ.