ചടയമംഗലം: പിക് അപ് വാൻ എതിരെ വന്ന ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടത്തിൽ അഞ്ചൽ സ്വദേശികളായ ഓട്ടോറിക്ഷ ഡ്രൈവറും സുഹൃത്തും മരിച്ചു.
അഞ്ചൽ ഇടമുളയ്ക്കൽ ചെമ്പകരാമനല്ലൂർ റീമാഭവനിൽ ബാബു-മേരി ദമ്പതികളുടെ മകൻ റെമി ബാബു (37), ഇടമുളയ്ക്കൽ റഫീക്ക് മൻസിലിൽ അബ്ദുൽ വഹാബ്-മാജിദാബീവി ദമ്പതികളുടെ മകൻ റഫീക്ക് (33) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെ ചടയമംഗലം ജഡായു ജങ്ഷന് സമീപമായിരുന്നു അപകടം.
ആയൂരിൽനിന്ന് നിലമേൽ ഭാഗത്തേക്ക് പോയ ഓട്ടോയും എതിരെവന്ന പിക് അപ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻതന്നെ ഇരുവരെയും കടയ്ക്കൽ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇരുവരും അഞ്ചലിലെ ഓട്ടോ ഡ്രൈവർമാരാണ്.
മേരി സീനയാണ് റെമി ബാബുവിെൻറ ഭാര്യ. സഹോദരി: റീമ. റസിയയാണ് റഫീക്കിെൻറ ഭാര്യ. മകൻ: അസീഫ് (മൂന്ന്). പാരിപ്പള്ളി മെഡിക്കൽ കോളജാശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങൾ കോവിഡ് ടെസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ചടയമംഗലം പൊലീസ് കേസെടുത്തു