മല്ലപ്പള്ളി: ജോലി ചെയ്തതിന്റെ കൂലി ആവശ്യപ്പെട്ടതിന് നിര്‍മാണത്തൊഴിലാളിയെ കരാറുകാരനും സഹോദരനും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തി. തമിഴ്നാട് മാര്‍ത്താണ്ഡം തക്കല സ്വദേശി സ്റ്റീഫൻ തോമസാണ് (40) മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കരാറുകാരന് തമിഴ്നാട് കന്യാകുമാരി തക്കല സ്വദേശി ജോസ് (39), സുരേഷ് (44) എന്നിവരെ കീഴ്വായ്പൂര് പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലൂപ്പാറ എന്‍ജിനീയറിങ് കോളജ് റോഡിൽ മാർത്തോമ പള്ളിക്കുസമീപം വാടകവീട്ടിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം.
കെട്ടിട നിർമാണ ജോലിക്ക് വന്നയാളാണ് സ്റ്റീഫന്‍. ജോലി ചെയ്ത വകയില്‍ ലഭിക്കാനുള്ള പണം ചോദിക്കാന്‍ സുഹൃത്തുക്കളെയും കൂട്ടി ബുള്ളറ്റ് ബൈക്കിലാണ് സുരേഷ് താമസിക്കുന്ന വാടകവീട്ടില്‍ എത്തിയത്.
പണം ചോദിച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍ സ്റ്റീഫനെ സുരേഷും ജോസും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. തലക്ക് കമ്പിവടികൊണ്ട് അടിക്കുകയും കല്ലെറിയുകയും ചെയ്തു.
അടി കൊണ്ട് സ്റ്റീഫന്‍ ബോധരഹിതനായത് കണ്ട് ഒപ്പം വന്ന സുഹൃത്തുക്കള്‍ ഓടിമറഞ്ഞു. പുലര്‍ച്ച നാലിന് കല്ലൂപ്പാറ റോഡില്‍ പട്രോളിങ് നടത്തുകയായിരുന്ന കീഴ്വായ്പൂര് സ്റ്റേഷനിലെ പൊലീസുകാരെ ഇവര്‍ വിവരം ധരിപ്പിച്ചു. പൊലീസ് എത്തി സ്റ്റീഫനെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
സ്റ്റീഫനെ മര്‍ദിക്കാന്‍ ഉപയോഗിച്ച കമ്പിവടിയും എറിയാന്‍ ഉപയോഗിച്ച ചെങ്കല്ലുകളും കണ്ടെടുത്തു. തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പന് റാവുത്തര്‍, കീഴ്വായ്പുര് ഇന്‍സ്പെക്ടര്‍ ജി. സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.