പാലക്കാട്: കരിങ്കരപ്പുള്ളിയിൽ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മഞ്ഞളൂരിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ വത്സല കുമാരിയാണ് (70) മരിച്ചത്. വീടിനോട് ചേർന്ന തൊടിയിൽ പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് മണ്ണെണ്ണ നിറച്ച കുപ്പി കിട്ടിയിട്ടുണ്ട്. സമീപത്തുനിന്ന് ആത്മഹത്യ കുറിപ്പും ലഭിച്ചതായി ടൗൺ സൗത്ത് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഒമ്പതുമാസമായി വത്സലകുമാരി കൊടുമ്പ് കരിങ്കരപ്പുള്ളിയിലുള്ള സഹോദരി ശോഭനയുടെ കൂടെയായിരുന്നു താമസം. വത്സലകുമാരിയുടെ ഭർത്താവ് നേരത്തെ മരിച്ചതാണ്. മക്കളില്ല. മൂന്ന് തവണ ആൻജിയോ പ്ലാസ്റ്റി ചെയ്തിരുന്നു. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നതിൽ മാനസിക വിഷമം ഉണ്ടായിരുന്നുവെന്നും പറയുന്നു.
ശനിയാഴ്ച രാവിലെ ഒമ്പതിനും രാത്രി ഒമ്പതിനുമിടയിൽ വത്സല കുമാരിയെ വീട്ടിൽനിന്നും കാണാതായിരുന്നു. സഹോദരി ശോഭന പാലക്കാടുള്ള മകളുടെ വീട്ടിൽ പോയപ്പോഴായിരുന്നു സംഭവം. തുടർന്ന് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു.
ഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.