കൊല്ലം: പ്രമുഖ ശാസ്ത്ര സാഹിത്യകാരനും സി.ഐ.ടി.യു മുൻ കൊല്ലം ജില്ല സെക്രട്ടറിയുമായിരുന്ന തേവള്ളി ഓലയിൽ ഐക്യരഴികത്ത് വീട്ടിൽ പി. കേശവൻ നായർ (76) നിര്യാതനായി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ എട്ടിനായിരുന്നു അന്ത്യം.
അടിയന്തരാവസ്ഥക്കാലത്താണ് സി.ഐ.ടി.യു ജില്ല സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നത്. 19 മാസം ആക്ടിങ് സെക്രട്ടറിയായിരുന്നു. പിന്നീട് 22 വർഷം ആസ്ഥാനത്ത് തുടർന്നു. രണ്ട് പതിറ്റാണ്ടിലേറെ സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗവുമായിരുന്നു. 24 വർഷം സി.ഐ.ടി.യു അഖിലേന്ത്യ വർക്കിങ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. 2005 ജനുവരിയിൽ പാർട്ടി അംഗത്വം ഉപേക്ഷിച്ചു. ആത്മകഥയായ ചുവപ്പിനപ്പുറം, സ്റ്റീഫൻ ഹോക്കിങ്ങിെൻറ പ്രപഞ്ചം, പ്രപഞ്ചനൃത്തം, ഭൗതികത്തിനപ്പുറം, വിപരീതങ്ങൾക്കപ്പുറം, ബോധത്തിെൻറ ഭൗതികം, മാർക്സിസം ശാസ്ത്രമോ, മനുഷ്യമനസ്സും ക്വാണ്ടം സിദ്ധാന്തവും, കശുവണ്ടിത്തൊഴിലാളി സമരചരിത്രം, ഡി.എൻ.എ മുതൽ സൂപ്പർ മനുഷ്യൻ വരെ, ബിയോണ്ട് റെഡ്, ആൻ ഇൻട്രൊഡക്ഷൻ ടു ക്വണ്ടം ഫിസിക്സ് എന്നിവയാണ് പ്രധാന കൃതികൾ. ഭൗതികത്തിനപ്പുറം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി എൻഡോവ്മെൻറ് ലഭിച്ചു. വെളിയത്ത് പരമേശ്വരൻ പിള്ളയുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനായിട്ടായിരുന്നു ജനനം. ഭാര്യ: സുമംഗല.
കൊല്ലം ബോയ്സ് ഹൈസ്കൂൾ, ഫാത്തിമ കോളജ്, റായിപ്പൂർ ദുർഗ ആർട്സ് കോളജ് എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സ്കൂൾ വിദ്യാഭ്യാസകാലത്ത് എസ്.എഫ് പ്രവർത്തനായിരുന്നു. പിന്നീട് കെ.എസ്.വൈ.എഫിെൻറ കൊല്ലം താലൂക്ക് പ്രസിഡൻറായി. പാർട്ടി ബ്രാഞ്ച് സെക്രട്ടറി മുതൽ ഏരിയ സെക്രട്ടറി വരെ പദവികളും വഹിച്ചു.