തിരുവല്ല: തല തകർന്ന നിലയിൽ യുവാവിെൻറ മൃതദേഹം തിരുവല്ല നഗരമധ്യത്തിലെ ദീപാ ജങ്ഷന് സമീപം റോഡരികിൽ കണ്ടെത്തി. തിരുവല്ല പുത്തൂപറമ്പിൽ പരേതനായ വർഗീസ് തോമസിെൻറ മകൻ നെവിൻ തോമസാണ് (35) മരിച്ചത്.
വെള്ളിയാഴ്ച അഞ്ചരയോടെ പ്രഭാത സവാരിക്കിറങ്ങിയവരാണ് ഹോട്ടൽ തിലകിെൻറ പ്രവേശന കവാടത്തോട് ചേർന്ന് മൃതദേഹം കണ്ടത്. തിരുവല്ലയിെല പാർസൽ കമ്പനിയിലേക്ക് വന്ന ലോറിയുടെ പിൻചക്രങ്ങൾക്കിടയിൽനിന്ന് ശരീര അവശിഷ്ടങ്ങൾ കണ്ടെടുത്തതായി തിരുവല്ല സി.ഐ പറഞ്ഞു. ഈ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ, സംഭവം സംബന്ധിച്ച് അറിയില്ലെന്നാണ് ഡ്രൈവർ പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്.
വ്യാഴാഴ്ച രാത്രി 11ഓടെ യുവാവ് വീട്ടിൽനിന്ന് പോയതാണെന്ന് വീട്ടുകാർ പറയുന്നു. ബാർ ഹോട്ടലിന് മുന്നിൽ യുവാവിെൻറ ബൈക്ക് ഇരിപ്പുണ്ട്. തിരിച്ചറിയൽ കാർഡും ലൈസൻസും അടങ്ങിയ പഴ്സ് ബാർ ഹോട്ടലിന് സമീപ റോഡിലെ പുല്ലിനിടയിൽനിന്ന് പൊലീസ് കണ്ടെടുത്തു. രാത്രി അമിതമായി മദ്യപിച്ച യുവാവിനെ ബാറിൽനിന്ന് ഇറക്കി വിട്ടിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
വിവാഹബന്ധം വേർപെടുത്തി കഴിയുന്ന നെവിന് ഒരു മകളുണ്ട്. അതേസമയം, ചിലർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി നെവിെൻറ മാതാവ് അന്നമ്മ തോമസ് കഴിഞ്ഞദിവസം സി.ഐക്ക് പരാതി നൽകിയിരുന്നു. ആരെങ്കിലും അപായപ്പെടുത്തിയതാണോ അപകടമരണമാണോ എന്ന് വിശദമായി അന്വേഷിക്കുകയാണെന്ന് തിരുവല്ല സി.ഐ പറഞ്ഞു. ശനിയാഴ്ച കോവിഡ് പരിശോധനഫലം വന്നശേഷം പോസ്റ്റ്മോർട്ടം നടത്തും. സംസ്കാരം പിന്നീട്.