ചെങ്ങന്നൂർ: പമ്പാനദിയുടെ പുത്തൻകാവ് ചെറിയപള്ളി കടവിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചെങ്ങന്നൂർ നഗരസഭ 13ാം വാർഡിൽ ആൽത്തറ കവലക്ക് സമീപം കീഴ്ച്ചേരി മേൽവലിയ കിഴക്കേതിൽ വീട്ടിൽ സോമൻ-സുശീല ദമ്പതികളുടെ മകൻ ദിലീപ് കുമാറാണ് (സുന്ദരൻ -35) മരിച്ചത്. പാചകവാതക ഏജൻസിയിൽ സിലിണ്ടർ വിതരണക്കാരനായിരുന്നു.
ഞായറാഴ്ച ഉച്ചക്ക് 12.30ന് പമ്പയാറ്റിൽ സഹോദരനും മറ്റു കൂട്ടുകാരോടുമൊപ്പമാണ് കുളിക്കാനിറങ്ങിയത്. മറുകരയിലേക്ക് നീന്തിയശേഷം തിരികെവരുമ്പോൾ മധ്യഭാഗത്ത് എത്തിയതോടെ ഒഴുക്കിൽപെടുകയായിരുന്നു. മഴയും പമ്പയാറ്റിൽ ശക്തമായ ഒഴുക്കും ഉണ്ടായിരുന്നതിനാൽ തിരച്ചിൽ പ്രയാസമേറിയതായിരുന്നു. അഗ്നിരക്ഷാ സേനാംഗങ്ങളുെട നേതൃത്വത്തിൽ നടന്ന തിരച്ചിലിൽ വൈകീട്ട് 6.30ന് സ്കൂബാ ഡൈവർമാരായ വി.ആർ. ബിജു, സി.കെ. വിഷ്ണു, റെസ്ക്യൂ ഓഫിസർ കെ.പി. പുഷ്പരാജ് എന്നിവർ ചേർന്നു.
പമ്പയാറ്റിനടിത്തട്ടിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചെങ്ങന്നൂർ അഗ്നിരക്ഷ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ എം.കെ. ശംഭു നമ്പൂതിരി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ദീലിപ് കുമാറിെൻറ ഭാര്യ: ലിജി.