കൊടുങ്ങല്ലൂർ: പ്രശസ്ത ബാലസാഹിത്യകാരനും റിട്ട. പ്രധാനാധ്യാപകനുമായ മുരളീധരൻ ആനാപ്പുഴ (88) നിര്യാതനായി. വീട്ടിലെ കുളിമുറിയിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
കൊടുങ്ങല്ലൂർ കോട്ടപ്പുറം ആനാപ്പുഴയിൽ പൊയ്യത്തറ കൃഷ്ണന്റെയും തിരുത്തോളി കുമാരിയുടെയും മകനാണ്. കൊടുങ്ങല്ലൂർ പാലിയംതുരുത്ത് വിദ്യാർഥദായിനി സഭ യു.പി. സ്കൂളിൽ അധ്യാപകനും അതേ സ്കൂളിൽ 36 വർഷത്തോളം ഹെഡ്മാസ്റ്ററുമായിരുന്നു.
കേരളത്തിലെ വിദ്യാലയങ്ങളിൽ 1600 ലേറെ കഥ-കവിത-ബോധവത്കരണ ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. 26 വർഷത്തിലേറെയായി കൊടുങ്ങല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാലസാഹിത്യ സമിതിയുടെ തുടക്കം മുതലേയുള്ള സെക്രട്ടറിയും സമിതി മുഖപത്രമായ ‘ബാലശ്രീ’ ത്രൈമാസികയുടെ ചീഫ് എഡിറ്ററുമായിരുന്നു.
അക്ഷരച്ചെപ്പ്, ഒറ്റയിരട്ട, നാടൻ ക്രിക്കറ്റ്, പുതുമഴത്തുള്ളികൾ, 108 കുട്ടിക്കവിതകൾ, ഉണ്ണീടെ ചേച്ചി, കിഞ്ചന വർത്തമാനം എന്നീ കവിതാ സമാഹാരങ്ങളും, രാമുവും രാക്ഷസനും, മാന്ത്രികവടി, ചിന്നുവും കൂട്ടുകാരും, നല്ല കഥകൾ, കുസൃതിക്കുരുന്നുകൾ, സുന്ദരിപ്പാവ എന്നീ കഥാസമാഹാരങ്ങളും ‘അമ്മമാരോട്’ എന്ന ലേഖനസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാലിയംതുരുത്തും പരിസരപ്രദേശങ്ങളും- അന്നും ഇന്നും (ചരിത്രാന്വേഷണ പ്രോജക്റ്റ്), പതിനാറ് കുട്ടിക്കഥകൾ, കഥാമുകുളങ്ങൾ, ബാലസാഹിത്യ സമിതി ഡയറക്റ്ററി 2009 തുടങ്ങിയവയുടെ എഡിറ്ററായി.
ജി.കെ.കുറുപ്പ് മാസ്റ്റർ അവാർഡ്, അധ്യാപക പ്രതിഭ അവാർഡ്, ഗുരു ചൈതന്യ അവാർഡ്, മഹാത്മാ ഫൂലെ നാഷനൽ അവാർഡ്, വായനശ്രീ സമഗ്ര സംഭാവനാ പുരസ്കാരം, ബാലമിത്ര പുരസ്കാരം, നവോത്ഥാന ശ്രേഷ്ഠ പുരസ്കാരം, കേരള ബാലസാഹിത്യ അക്കാദമി പുരസ്കാരം, എം.ടി.ജൂസ കാവ്യസായാഹ്നം അവാർഡ, പി.നരേന്ദ്രനാഥ് ബാലസാഹിത്യ പുരസ്കാരം തുടങ്ങിയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
ഭാര്യ: സാവിത്രി മേലാട്ടുകുന്നേൽ (റിട്ട. അധ്യാപിക, ജി.ജി എൽ.പി.എസ് കൊടുങ്ങല്ലൂർ). മക്കൾ: മിൽസ (അധ്യാപിക, ജി.എം.ബി എച്ച്.എസ്.എസ് ചാലക്കുടി), മിത്രൻ (അസി. ജനറൽ മാനേജർ, ഐ.ടി, ബംഗളൂരു).
മരുമക്കൾ: ശിരാജ് (അസി. റജിസ്ട്രാർ, കുസാറ്റ്), ശിഖ (മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ്, ബംഗളുരു). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.