ശംഖുംമുഖം: വെട്ടുകാട് വാർഡ് കൗൺസിലർ സാബു ജോസ് (53) കോവിഡ് ബാധിച്ച് മരിച്ചു. ടൈറ്റാനിയം, കൊച്ചുവേളി സിന്ധി ഭവനിൽ പരേതനായ സ്റ്റീഫൻ ഡിസിൽവയുടെയും ജാനറ്റ് സിൽവയുടെയും മകനാണ് സാബു ജോസ്. അവിവാഹിതനാണ്. നാടക പ്രവർത്തകനായിരുന്നു. കഴിഞ്ഞ 16 മുതൽ അസുഖബാധിതനായിരുന്നു സാബു. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കൊച്ചുവേളി പാരിഷ് സെക്രട്ടറി, തിരുവനന്തപുരം സോഷ്യൽ സർവിസ് സൊസൈറ്റി സെക്രട്ടറി, സെൻറ് ജോസഫ് ലൈബ്രറി വൈസ് പ്രസിഡൻറ്, സെൻറ് ജോസഫ് ക്ലബ് പ്രസിഡൻറ്, ചെറുപുഷ്പം മിഷൻ ലീഗ് രൂപത സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബിരുദധാരിയാണ്. സി.പി.എം സ്ഥാനാർഥിയായാണ് കൗൺസിലിൽ മത്സരിച്ച് ജയിച്ചത്.
ബോസ്കോ ഡിസിൽവ (വെട്ടുകാട് മുൻ കൗൺസിലർ), കെനി ഡിസിൽവ, ബിയാർട്രീസ് (സിന്ധി), ബെന്നി സ്റ്റീഫൻ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അടക്കം ചെയ്തു.