കട്ടപ്പന: ഇരട്ടയാർ നത്തുകല്ലിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന മകൾക്ക് ഗുരുതര പരിക്കേറ്റു. തോപ്രാംകുടി ഉദയഗിരി അയ്യനോലിൽ ജോയ്സ് ജോസഫാണ് (ജിജോ- 41) മരിച്ചത്. ഭിന്നശേഷിക്കാരിയായ മകൾ അയോണ ജോയ്സ് (14) ഗുരുതര പരിക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം.
കട്ടപ്പനയിലെ ബാങ്കിലേക്കുള്ള യാത്രക്കിടെ നത്തുകല്ലിന് സമീപത്തുവെച്ചാണ് ജോയ്സും മകളും സഞ്ചരിച്ച മാരുതി ആൾട്ടോ കാർ എതിർ ദിശയിൽനിന്ന് വന്ന ലോറിയുമായി കൂട്ടിയിടിച്ചത്. മുൻവശം പൂർണമായും തകർന്ന കാറിൽനിന്ന് ഏറെ പണിപ്പെട്ടാണ് ഇരുവരെയും നാട്ടുകാരും മറ്റ് വാഹനയാത്രികരും ചേർന്ന് പുറത്തെടുത്തത്.
ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ ഇരുവരെയും പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
എന്നാൽ, വഴിമധ്യേ ജോയ്സ് മരിച്ചു. ഗുരുതരാവസ്ഥയിലുള്ള അയോണ വെന്റിലേറ്ററിലാണ്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കട്ടപ്പന പൊലീസ് നടപടി സ്വീകരിച്ചു.
സെൻസിയാണ് ജോയ്സിന്റെ ഭാര്യ. അനോഗ് മകനാണ്. ഇടുക്കി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.