കുമളി: വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുമ്പേ ഭർത്താവിനെ കൊല്ലാൻ ഭാര്യയുടെ ക്വട്ടേഷൻ. വധശ്രമം പരാജയപ്പെടുകയും ക്വട്ടേഷൻ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ പിടിയിലാകുമെന്ന് ഭയന്ന് യുവതി വീട്ടിനുള്ളിൽ തൂങ്ങി മരിച്ചു. തേനി ജില്ലയിലെ കമ്പത്താണ് നാടിനെ നടുക്കിയ സംഭവം. കമ്പം സ്വദേശി ഭുവനേശ്വരിയാണ് (21) ഭർത്താവ് ഗൗതത്തിനെ (24) കൊല്ലാൻ ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചത്.
കഴിഞ്ഞ നവംബർ പത്തിനായിരുന്നു കേബിൾ ടി.വി ജീവനക്കാരനായ ഗൗതവുമായി ഭുവനേശ്വരിയുടെ വിവാഹം. പൊലീസിൽ ചേരാൻ ഭുവനേശ്വരി പരിശീലനം നേടി കാത്തിരിക്കുന്നതിനിടെയായിരുന്നു വിവാഹം. വിവാഹത്തോടെ ജോലിക്ക് പോകാൻ കഴിയിെല്ലന്ന് വ്യക്തമായതോടെയാണ് വിവാഹം കഴിഞ്ഞ് 22ാം നാൾ ഭർത്താവിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിനായി മുമ്പേ പരിചയമുണ്ടായിരുന്ന തേനി അനുമന്ധംപെട്ടി സ്വദേശിയായ നിരഞ്ജൻ എന്ന ആൻറണിയെ സമീപിച്ചു. മൂന്ന് പവെൻറ നെക്ലസ് പണയം വെച്ച് ലഭിച്ച 75,000 രൂപയും നൽകി. പദ്ധതി തയാറാക്കി ഇരുവരും തീരുമാനിച്ചതനുസരിച്ച് ഈ മാസം രണ്ടിന് ഭർത്താവിനെയും കൂട്ടി സ്കൂട്ടറിൽ കുമളി തേക്കടി സന്ദർശിച്ചു.
തിരികെ പോകും വഴി കാഴ്ചകൾ കാണുന്നതിന് ഇരുവരും സ്കൂട്ടർ റോഡരികിൽ നിർത്തി അൽപദൂരം നടന്നു. തിരികെ സ്കൂട്ടറിനടുത്ത് എത്തിയപ്പോൾ ടയർ പഞ്ചറായതായി കണ്ടതോടെ വാഹനം തള്ളിയായിരുന്നു ഗൗതമിെൻറ നടത്തം. മുൻകൂട്ടി തീരുമാനിച്ച പ്രകാരം ഈ സമയത്ത് കാറിൽ എത്തിയ ക്വട്ടേഷൻ സംഘം സ്കൂട്ടറിൽ ഇടിച്ചെങ്കിലും ഗൗതത്തിനെ കൊലപ്പെടുത്താനായില്ല. വാഹനം നിർത്തി ഇറങ്ങിയ സംഘം ഗൗതത്തിനെ മർദിച്ചെങ്കിലും മറ്റ് വാഹനങ്ങൾ എത്തിയതോടെ ഗൗതമിനെ വഴിയിൽ ഉപേക്ഷിച്ച് കടന്നു. ഇതിനുപിന്നാലെ ഗൗതം പരാതിയുമായി പൊലീസിലെത്തി.
കമ്പം പൊലീസ് നടത്തിയ അന്വേഷണത്തിൽ ക്വട്ടേഷൻ സംഘത്തിലെ ആൻറണിക്ക് (20) പുറമെ പ്രദീപ് (35), മനോജ് കുമാർ (20), ആൽബർട്ട് (28), ജയ സന്ധ്യ (18) എന്നിവർ പിടിയിലായി. ഇതോടെ അന്വേഷണം തന്നിലേക്ക് എത്തുമെന്ന് വ്യക്തമായതോടെയാണ് ഭുവനേശ്വരി വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് പണയം വെച്ച സ്വർണം പൊലീസ് കണ്ടെത്തി. ക്വട്ടേഷൻ സംഘത്തിലെ അംഗവും ഈ കേസിലെ പ്രതിയുമായ ജെറ്റ്ലിക്കുവേണ്ടി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.