എരുമപ്പെട്ടി: കുണ്ടന്നൂരിൽ ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരൻ തൽക്ഷണം മരിച്ചു. വടക്കാഞ്ചേരി കല്ലൻപാറ ചെമ്പ്രംകോട്ടിൽ വീട്ടിൽ പരേതനായ വേലുവിന്റെ മകൻ മോഹനനാണ് (55) മരിച്ചത്.
വടക്കാഞ്ചേരി-കുന്നംകുളം സംസ്ഥാന പാതയിലെ കുണ്ടന്നൂർ സെന്ററിനു സമീപം വെള്ളിയാഴ്ച ഉച്ചക്ക് 12.45നാണ് അപകടം.
മുട്ടിക്കൽ സെന്ററിനു സമീപം കട നടത്തുന്ന മോഹനൻ മകനുമായി ബൈക്കിൽ വടക്കാഞ്ചേരിയിലേക്ക് പോകുമ്പോഴാണ് ബൈക്കിന് പിറകിൽ ലോറി ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ബൈക്കിൽനിന്ന് തെറിച്ചുവീണ മോഹനന്റെ തലയിലൂടെ ടോറസ് ലോറിയുടെ ചക്രം കയറി. എതിർ ദിശയിലേക്ക് വീണ് പരിക്കേറ്റ മകൻ പ്രജുലിനെ ഓട്ടുപാറ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിനെ മറികടക്കാൻ ടോറസ് ലോറി ശ്രമിക്കുന്നതിനിടയിലാണ് അപകടം.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ: വിജി. മക്കൾ: പ്രണവ്, പ്രജിൽ. മാതാവ്: പത്മാവതി.