മാനന്തവാടി: കണിയാരം കത്തീഡ്രൽ പള്ളിയിൽനിന്ന് മഠത്തിലേക്ക് പോകുന്ന വഴിയിൽ റബർ തോട്ടത്തിലെ റോഡിൽ കത്തിയ കാറില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കണ്ണൂർ കേളകം മഹാറാണി ടെക്സ്റ്റൈൽസ് ഉടമ കേളകം നാനാനിപൊയിൽ കോൺവെന്റിനു സമീപത്തെ നാട്ടുനിലത്ത് എം.കെ. മാത്യു (മത്തച്ചൻ-58) ആണ് മരിച്ചത്. കാറിന് സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. തിങ്കളാഴ്ച ഉച്ചക്ക് ഒന്നേകാലോടെയായിരുന്നു സംഭവം.
മാത്യു ഓടിച്ച കെ.എൽ 58 എം 9451 സെലേറിയോ കാറിന്റെ ഡ്രൈവർ സീറ്റിൽ ആണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടത്. തീ ഉയരുന്നത് കണ്ട് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് മാനന്തവാടി പൊലീസും അഗ്നിരക്ഷ യൂനിറ്റും തീയണച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഈ മാസം 26ന് മാത്യുവിന്റെ മകളുടെ വിവാഹം നടക്കാനിരിക്കെയാണ് ദുരന്തം. മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രൻ, എസ്.എച്ച്.ഒ എം.എം. അബ്ദുൽകരീം എന്നിവർ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് നേതൃത്വം നൽകി. മൃതദേഹം മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് സ്ഥലം സന്ദർശിച്ചു.
മാത്യുവിന്റെ ഭാര്യ: ഷൈബി (മഹാറാണി ബ്രൈഡൽസ് ലേഡീസ് ആൻഡ് കിഡ്സ് ബ്യൂട്ടിപാർലർ, നാനാനിപൊയിൽ). മക്കൾ: സാന്ദ്ര (യു.കെ.), മാനസ. സഹോദരങ്ങൾ: തെയ്യാമ്മ, സിസ്റ്റര്‍ വിനീത, ഫാ. ഡൊമിനിക് (സി.എം.ഐ), ഔസേപ്പച്ചന്, ജിമ്മി, സാബു, പരേതനായ ജോയി (മഹാറാണി ടെക്സ്റ്റയിൽസ് തൊട്ടില്‍പാലം).