മതിലകം: എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനും റിട്ട. അധ്യാപകനുമായ മതിലകം പുന്നക്കബസാർ സ്വദേശി ടി.കെ. മുത്തുക്കോയ തങ്ങള്‍ (71) നിര്യാതനായി.
പരേതരായ തക്വാവില് ഖാളിയാര് കോയക്കുഞ്ഞി തങ്ങളുടെയും ഐറ്റണ്ടിയില് ആയിഷയെന്ന ചെറിയ ബീവിയുടെയും മകനാണ്. തീരദേശത്തെ വിവിധ വിദ്യാലയങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വന്മേനാട് എ.എം.എല്‍.പി സ്കൂളില്‍നിന്ന് 2010ല്‍ വിരമിച്ചു.
പുന്നക്കുരുബസാര്‍ ഗ്രോയിങ് യൂത്ത് മൂവ്മെന്റ് ആർട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബിന്റെ ‘ചലനം’ കൈയെഴുത്ത് മാസികയുടെ പ്രവര്‍ത്തകനായി സാഹിത്യരംഗത്തേക്ക് പ്രവേശിച്ചു.
മതിലകം ആസ്ഥാനമായ ചങ്ങാതിക്കൂട്ടം കലാസാഹിത്യ സമിതിയുടെ മുൻ നിർവാഹക സമിതി അംഗമായിരുന്നു. പാവറട്ടിയില്‍നിന്ന് പ്രസിദ്ധീകരിച്ച ‘തിങ്കള്‍’ മാസികയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു. ‘യുഗപ്പകര്‍ച്ച’ എന്ന പേരില്‍ കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2024ലെ ചങ്ങാതിക്കൂട്ടം ഷാജി കെ. അബ്ദു സാഹിത്യപുരസ്കാരത്തിന് അർഹനായി.
പ്രബോധനം, വിവേകം, തേജസ് ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങളിലും കഥയും കവിതയും ലേഖനങ്ങളും എഴുതാറുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച മുത്തുകോയ തങ്ങൾ വിവിധ സംഘടനകളിലൂടെ സാമൂഹിക-സാംസ്കാരിക രംഗത്ത് സജീവമായിരുന്നു.
ഭാര്യ: ഐറ്റാണ്ടായിൽ സീതി തങ്ങളുടെ മകൾ റഹീമ ബീവി. മക്കൾ: ഫാത്തിമ ബാനു, ബുശ്റ ബീവി. സഹോദരങ്ങൾ: കുഞ്ഞി ബീവി, പരേതനായ പൂക്കോയ തങ്ങൾ, ടി.കെ.എം. സഈദ് തങ്ങൾ, ആറ്റക്കോയ തങ്ങൾ. ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് പുന്നക്കബസാർ മഖാം മസ്ജിദ് ഖബർസ്ഥാനിൽ.