തിരുവനന്തപുരം: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വയോധിക ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് കരിപ്പൂർ പ്രകൃതി ഗാർഡൻസിൽ സുഗതൻ (71), ഭാര്യ സുനില (70) എന്നിവരാണ് തൂങ്ങിമരിച്ചത്. ഹരിപ്പാട് ചേപ്പാട് സ്വദേശി സുഗതൻ ഏറെക്കാലം മസ്കത്തിലായിരുന്നു. പ്രവാസ ജീവിതം മതിയാക്കിയശേഷം ചെന്നൈയിൽ സ്പെയർപാർട്സ് വ്യാപാരം നടത്തിയിരുന്നു. കുറച്ചുകാലം മുമ്പ് മലയിൻകീഴിലെ വീട് വിറ്റു. തിരുവനന്തപുരം പടിഞ്ഞാറേകോട്ടയിൽ വീടെടുത്ത് താമസം തുടങ്ങി. ഈ വീടിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് അഞ്ച് ദിവസം മുമ്പ് ഹോട്ടലിൽ മുറിയെടുത്ത് താമസം തുടങ്ങിയതെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. ബുധനാഴ്ച രാവിലെ വരെ മുറിയിലേക്ക് ഭക്ഷണം വരുത്തിയിരുന്നു. ഇവര്‍ കൂടുതല്‍ സമയവും മുറിക്കുള്ളിലായിരുന്നു. ബുധനാഴ്ച വൈകീട്ട് മുറി വൃത്തിയാക്കാനെത്തിയപ്പോഴാണ് വാതിൽ തുറക്കാത്തത് ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടതെന്ന് പൊലീസ് പറഞ്ഞു.
മകളെ വിവരമറിയിച്ചശേഷം മ്യൂസിയം പൊലീസിന്റെ സാന്നിധ്യത്തിൽ വാതിൽ തുറന്നപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്. ചുമരിലുറപ്പിച്ച വസ്ത്രങ്ങളിടുന്ന സ്റ്റാൻഡിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.
മകളുടെ വിവാഹം ഇതേ ഹോട്ടലിലാണ് നടന്നതെന്നും ഇപ്പോൾ ഗർഭിണിയാണെന്നും ഉപദ്രവിക്കരുതെന്നും എഴുതിയ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
വലിയ ആസ്തിയുണ്ടായിരുന്ന സുഗതന് അടുത്തിടെയുണ്ടായ സാമ്പത്തിക പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 2021ലാണ് സുഗതൻ മലയിൻകീഴ് കരിപ്പൂര്‍ നക്ഷത്ര ഗാർഡനിൽ ഇരുനില വീട് വാങ്ങിയത്. ഇക്കഴിഞ്ഞ ജനുവരിയിൽ ഈ വീട് വിറ്റു. 65 ലക്ഷം രൂപക്ക് വാങ്ങിയ വീട് 35 ലക്ഷം രൂപക്കാണ് വിറ്റത്. പിന്നീട് നാട്ടുകാർക്കും ഇവരെക്കുറിച്ച് വിവരമില്ലായിരുന്നു. മകൾ: ഉത്തര. മരുമകൻ: ഗിരീഷ്. മ്യൂസിയം പൊലീസ് കേസെടുത്തു.