തിരുവനന്തപുരം: മെഡിക്കൽ കോളജ് റേഡിയോ തെറാപ്പി വിഭാഗം മേധാവി കുടപ്പനക്കുന്ന് എൻ.എൻ.ആർ.എ 61 പ്രണവത്തിൽ ഡോ. ആർ. മഹാദേവൻ (62) അന്തരിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് 1982ൽ പഠനം പൂർത്തിയാക്കിയ ഡോ. മഹാദേവൻ എം.ഡി റേഡിയോ തെറപ്പിക്കുശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജോലിക്ക് ചേർന്നു. തിരുവനന്തപുരം, കോട്ടയം, തൃശൂർ മെഡിക്കൽ കോളജുകളിൽ റേഡിയോ തെറപ്പി വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചു. എട്ടുവർഷത്തോളം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടായും പ്രവർത്തിച്ചിട്ടുണ്ട്.
കെ.ജി.എം.സി.ടി.എ മുൻ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: ഡോ. മിനി (പുലയനാർകോട്ട നെഞ്ചുരോഗാശുപത്രി). മകൾ: പാർവതി (എൻജിനീയർ). മരുമകൻ: ശ്രീരാജ് (എൻജിനീയർ).
മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കലാകേശവൻ, മുൻ പ്രിൻസിപ്പൽ ഡോ. അജയകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. എ. നിസാറുദീൻ, വിവിധ വകുപ്പു മേധാവികൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ അന്തിമോപചാരമർപ്പിച്ചു.