കരുനാഗപ്പള്ളി: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മകൻ മരിച്ചതിന് പിന്നാലെ മൂന്നാംനാൾ വയോധികനായ പിതാവും മരിച്ചു. കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് പുത്തൻപറമ്പിൽ വീട്ടിൽ ജലാലുദ്ദീൻ കുഞ്ഞ് (74) മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ് മരിച്ചത്. മൂത്ത മകൻ അബ്ദുൽ ജലീൽ (46) വെള്ളിയാഴ്ചയാണ് മരിച്ചത്. രണ്ട് മൃതദേഹങ്ങളും കരുനാഗപ്പള്ളി വായാർത്ത് പള്ളി ഖബർസ്ഥാനിൽ കോവിഡ് മാനദണ്ഡപ്രകാരം ഖബറടക്കി. കുടുംബത്തിലെ പതിനൊന്ന് പേർക്കാണ് കോവിഡ് ബാധിച്ചത്. ജലാലുദ്ദീൻ കുഞ്ഞിെൻറ ഭാര്യ ഐഷാകുട്ടി (65) കോവിഡ് ബാധിച്ച് ഭർത്താവിനൊപ്പം മാവേലിക്കരയിൽ ചികിത്സയിലായിരുന്നു. ഇവർ നെഗറ്റീവായി. ബാക്കിയുള്ള എട്ട് പേരും വീട്ടിൽ തന്നെ ക്വാറൻറീനിൽ കഴിഞ്ഞ് സുഖം പ്രാപിച്ചുവരുന്നു. ജലാലുദ്ദീൻകുഞ്ഞിെൻറ മറ്റ് മക്കൾ: ഹാരീസ് (കാർ പെയിൻറിങ് വർക്ഷോപ്, ചിറ്റുമൂല), സിയാദ്, മുംതാസ്. മരുമക്കൾ: ജമീല, സബീല, ഷീബ, ഷിഹാബ് (സൗദി). അബ്ദുൽ ജലീലിെൻറ ഭാര്യ: ജമീല. മക്കൾ: സുഫില, ആദിൽ. മരുമകൻ: റിയാസ്.