ഓയൂർ: കരിങ്ങന്നൂർ ആറ്റൂർക്കോണത്ത് ബന്ധുവിനെ വീട്ടിൽ വിളിച്ചുവരുത്തി മദ്യം നൽകിയശേഷം വെട്ടിക്കൊന്ന് ചാണകക്കുഴിയിൽ കുഴിച്ചിട്ട സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. ആറ്റൂർക്കോണം പള്ളി വടക്കേതിൽ മുഹമ്മദ് ഹാഷിം (56) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറ്റൂർക്കോണം സുൽത്താൻ വീട്ടിൽ ഷറഫുദീൻ (54), കടയ്ക്കൽ ചരുവിള പുത്തൻവീട്ടിൽ നിസാം (47) എന്നിവരെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
മാർച്ച് 31 നാണ് ഹാഷിമിനെ കാണാതായത്. വൈകീട്ട് ഏഴിന് വീട്ടിൽനിന്ന് പുറത്തുപോയ ഹാഷിം മടങ്ങിവരാത്തതിനെ തുടർന്ന് ഭാര്യ പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് പറയുന്നത്: ഹാഷിമും ഷറഫുദ്ദീനും ഗൾഫിൽ ഒന്നിച്ച് ജോലി ചെയ്തിരുന്നു. അവിടെെവച്ച് ഷറഫിെൻറ പക്കൽനിന്ന് ഹാഷിം 20,000 രൂപ വാങ്ങിയിരുന്നു. നാട്ടിലെത്തിയശേഷം ഹാഷിം വീണ്ടും ഷറഫിനോട് പണം ചോദിച്ചു. ഇതിനെച്ചൊല്ലി പലപ്പോഴും വാക്കുതർക്കമുണ്ടാകുകയും ചെയ്തു.
31ന് ഹാഷിമിനെ വീട്ടിലേക്ക് ക്ഷണിച്ച് ഷറഫ് മദ്യം നൽകി. മദ്യലഹരിയിലായ ഹാഷിമിനെ വെട്ടുകത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തി. രാത്രി എട്ടോടെയായിരുന്നു കൊലപാതകം. ഈ സമയം വീട്ടിൽ ഷറഫിെൻറ ഭാര്യ മറ്റൊരു മുറിയിൽ പ്രാർഥനയിലായിരുന്നു.
പിന്നീട്, ഷറഫും സുഹൃത്ത് നിസാമും കൂടി വീടിനു സമീപത്തെ കാലിത്തൊഴുത്തിനു പിന്നിലുള്ള ചാണകക്കുഴിയിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് മൃതദേഹം കുഴിച്ചിട്ടു. പൊലീസ് അന്വേഷണത്തിൽ ഹാഷിമിനോട് വിരോധമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഷറഫിനെയും ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
പിന്നീട്, പൊലീസ് നായ് ഹാഷിമിനെ അവസാനമായി കണ്ടെന്ന് പറയപ്പെടുന്ന സ്ഥലത്തുനിന്ന് മണം പിടിച്ച് ഓടി ഷറഫിെൻറ വീട്ടിലെത്തിയതോടെയാണ് കൊലപാതകം തെളിഞ്ഞത്.
തിങ്കളാഴ്ച വൈകീട്ട് 3.30 ഓടെ മൃതദേഹം പുറത്തെടുത്തു. ഹാഷിമിെൻറ ഭാര്യ: ശാമില. മക്കൾ: ആഷിക്, ആമിന, ആസിയ.