ശെന്തുരുണി വന്യജീവി സങ്കേതം സന്ദര്‍ശിക്കാനെത്തിയതാണ് സംഘത്തിലെ അംഗം
കുളത്തൂപ്പുഴ: ശെന്തുരുണി വന്യജീവി സങ്കേതത്തിലുള്‍പ്പെട്ട വനം കാണാനെത്തിയ 11 അംഗസംഘത്തിലെ യുവാവ് തെന്മല ഡാം ജലസംഭരണിയില്‍ മുങ്ങിമരിച്ചു.ടെക്നോപാര്‍ക്ക് ജീവനക്കാരന് കഴക്കൂട്ടം വടക്കുംഭാഗം നീതു ഭവനില്‍ മനു ആണ് (30) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 1.30 ഓടെ ശെന്തുരുണി വന്യജീവി സംങ്കേതത്തില്‍ ഉള്‍പ്പെട്ട കട്ടിളപ്പാറ കുറവന്‍കോണം തിലുക്കുവെട്ടി ഫോറസ്റ്റ് ക്യാമ്പിനോട് ചേര്‍ന്ന പ്രദേശത്തായിരുന്നു അപകടം.തിരുവനന്തപുരം കഴക്കൂട്ടം, കാര്യവട്ടം പ്രദേശവാസികളും സുഹൃത്തുക്കളുമായ യുവാക്കള്‍ സംഘടിച്ച് മൂന്നു കാറുകളിലായാണ് ശെന്തുരുണി വന്യജീവി സങ്കേതത്തിനുള്ളിലെ വനപ്രദേശത്ത് എത്തിയത്.
കുളിക്കുന്നതിനിെട ജലസംഭരണിയുടെ ആഴം കുറഞ്ഞ ഭാഗത്ത് രൂപപ്പെട്ട മണ്തിട്ടയില്ക്കൂടി നടന്ന് മറുകരയിലേക്ക് നീങ്ങവെ കാല്‍വഴുതി കയത്തിലകപ്പെടുകയായിരുന്നു.കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചങ്കിലും രണ്ടുപേര്‍ കൂടി വെള്ളത്തില്‍ അകപ്പെട്ടു. മറ്റുള്ളവരുടെ സഹായത്തോടെ ഇവരെ കരക്കെത്തിച്ചെങ്കിലും മനുവിനെ രക്ഷിക്കാനായില്ല.അടുത്തെങ്ങും ജനവാസമില്ലാത്ത പ്രദേശത്ത് എത്തിയ സംഘത്തില്‍ ആര്‍ക്കും തന്നെ നീന്തല്‍ വശമില്ലായിരുന്നു. ക്യാമ്പ് ഷെഡിലെ വനംവാച്ചര്‍ സന്തോഷ് അറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും പൊലീസും എത്തി ബോട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും ജലസംഭരണിയില്‍ ഇറങ്ങാനായില്ല.
മണിക്കൂറുകള്‍ക്കു ശേഷം കടയ്ക്കലില്‍നിന്ന് ഫയര്‍ഫോഴ്സെത്തി നാട്ടുകാരുടെ സഹായത്തോടെ ഏറെ വൈകിയാണ് മൃതദേഹം പുറത്തെടുത്തത്. മനുവിെൻറ പിതാവ്: മനോഹരൻ. മാതാവ്: പുഷ്പജ. സഹോദരി: നീതു.കുളത്തൂപ്പുഴ എസ്.ഐ എന്‍. സുധീഷ്, വൈല്‍ഡ് ലൈഫ് വാര്ഡന് സജു. എസ്. നായര്‍, സെക്ഷന്‍ ഫോറസ്റ്റർമാരായ ബിജു, സജീവ്, പഞ്ചായത്ത് പ്രസിഡൻറ് പി. അനില്‍കുമാര്‍, സെക്രട്ടറി കെ.എസ്. രമേഷ് എന്നിവരുടെ നേതൃത്തില്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പുനലൂര്‍ താലൂക്കാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.