മല്ലപ്പള്ളി: കല്ലൂപ്പാറ മുൻ എം.എൽ.എ സി.എ. മാത്യു (88) നിര്യാതനായി. തീയാടിക്കൽ അയിരൂർ പകലോമറ്റം താഴമൺ കുടുംബാംഗമാണ്. 1987 മുതൽ 1991 വരെ കല്ലൂപ്പാറ എം.എൽ.എ ആയിരുന്നു. കോൺഗ്രസ്-എസ് സ്ഥാനാർഥിയായാണ് മത്സരിച്ചത്. 1980ലും 1982ലും കല്ലൂപ്പാറ നിയോജക മണ്ഡലത്തിൽനിന്നും 1991ൽ ആറന്മുള നിയോജക മണ്ഡലത്തിൽനിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 22 വർഷം കൊറ്റനാട് പഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്നു. പത്തനംതിട്ട ഡി.സി.സി-എസ് അധ്യക്ഷനായും എട്ടുവർഷം തിരുവല്ല ഈസ്റ്റ് സഹ. ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചു. 1957, 1958, 1959 വർഷങ്ങളിൽ ദേശീയ ചാമ്പ്യൻഷിപ് നേടിയ തിരുവിതാംകൂർ യൂനിവേഴ്സിറ്റി വോളിബാൾ ടീം അംഗമായിരുന്നു. വലിയകുന്നം സെൻറ് മേരീസ് ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്ററുമാണ്. ഭാര്യ: ഏലിയാമ്മ മാത്യു (റിട്ട. ഹെഡ്മിസ്ട്രസ്, സെൻറ് മേരീസ് ഹൈസ്കൂൾ, വലിയകുന്നം). മക്കൾ: സുനിൽ, സുജ, സുമ, സുഷ. മരുമക്കൾ: പ്രദീപ്, ജുമില, സുരേഷ് സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് കുമ്പളന്താനം സെൻറ് ജോൺസ് മർത്തോമ പള്ളി സെമിത്തേരിൽ.