തൊടുപുഴ: കോതമംഗലം രൂപത വൈദികന് ഫാ. ജയിംസ് വടക്കേല്‍ (78) നിര്യാതനായി. മൃതദേഹം തിങ്കളാഴ്ച വൈകീട്ട് നാലിന് കരിമണ്ണൂരിൽ സഹോദരന് മാത്യുവിന്റെ ഭവനത്തില്‍ എത്തിക്കും. സംസ്കാര ശുശ്രൂഷയുടെ ആദ്യഭാഗം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടില്‍ ആരംഭിക്കും. തുടര്‍ന്ന് തിരുക്കര്‍മങ്ങള്‍ ഉച്ചക്ക് രണ്ടിന് കോതമംഗലം രൂപത അധ്യക്ഷന്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. കരിമണ്ണൂര്‍ ഇടവകാംഗമായ ഫാ. വടക്കേല്‍ വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍നിന്ന് വൈദിക പരിശീലനം പൂര്‍ത്തിയാക്കി 1969ൽ വൈദികനായി അഭിഷിക്തനായി. വചനപ്രഘോഷകന്, ധ്യാനഗുരു, ജീവകാരുണ്യ പ്രവർത്തകൻ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. തൊടുപുഴക്കടുത്ത് വാഴക്കാലായില്‍ അദ്ദേഹം സ്ഥാപിച്ച ‘സുവിശേഷാശ്രമം’ അനാഥരുടെയും അഗതികളുടെയും ആശ്രയമാണ്. 1970ല്‍ പാറത്തോട് പള്ളിയില്‍ സഹവികാരിയായി വൈദിക ശുശ്രൂഷ ആരംഭിച്ചു. തുടര്‍ന്ന് രാജാക്കാട്, സ്ലീവാമല, മങ്കുവ രാജപുരം, ആലക്കോട്, പൊന്നന്താനം, ചിറ്റൂര്‍, പുന്നമറ്റം, തലയനാട്, നേര്യമംഗലം, വാഴക്കാല, കോട്ടപ്പടി, തോട്ടക്കര, ഞായപ്പള്ളി, മേക്കടമ്പ്, മാതിരപ്പിള്ളി, വെട്ടിമറ്റം, തെന്നത്തൂര്‍ എന്നീ പള്ളികളില്‍ വികാരിയായിരുന്നു.