കൊടുങ്ങല്ലൂർ: യാത്രികരുടെ സുരക്ഷക്ക് വേണ്ടി നിരന്തരം ഒറ്റയാൾ പോരാട്ടം നടത്തിവന്ന സാമൂഹിക പ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു. കൊടുങ്ങല്ലൂർ പടാകുളത്ത് താമസിക്കുന്ന എറിയാട് അയ്യാരിൽ ചെളുക്കയ്യിൽ മുഹമ്മദിന്റെ മകൻ അബ്ദുൽ ലത്തീഫാണ് (60) മരിച്ചത്. സ്കൂട്ടിൽ കെ.എസ്.ആർ.ടി ബസിടിച്ചായിരുന്നു അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന മകൻ ടുത്തിൽ അബ്ദുൽ ലത്തീഫിന് (25) ഗുരുതര പരിക്കേറ്റു.
ഞായറാഴ്ച രാവിലെ 11.30 ഓടെ പൊയ്യയിലേക്കുള്ള യാത്രാമധ്യേ ആനാപ്പുഴ ജങ്ഷന് സമീപമാണ് അപകടം. ഉടൻ ഇരുവരെയും അടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വൈകീട്ടോടെയാണ് അബ്ദുൽ ലത്തീഫ് മരിച്ചത്. കൊടുങ്ങല്ലൂർ ബൈപാസിലെ വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രാത്രി റോഡിൽ നടത്തുന്ന ഒറ്റയാൾ സമരം രണ്ടര മാസം പിന്നിടുന്ന വേളയിലാണ് അന്ത്യം.
ചന്തപ്പുര-കോട്ടപ്പുറം ബൈപാസിൽ രൂപംകൊണ്ട കുഴികൾ അടക്കണമെന്നാവശ്യപ്പെട്ട് ഒറ്റയാൾ സമരം നടത്തിയാണ് അബ്ദുൽ ലത്തീഫ് ശ്രദ്ധേയനായത്.
ബൈപാസിൽ വെളിച്ചമില്ലാത്ത സ്ഥലങ്ങളിൽ ഒരു മണിക്കൂർ റാന്തൽ വിളക്ക് തെളിച്ചായിരുന്നു വഴിവളിക്ക് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള സമരം.
കൊടുങ്ങല്ലൂർ മിനി സിവിൽ സ്റേഷനിലെ ലിഫ്റ്റ് പ്രവർത്തിക്കാത്തതിനെതിരെയും ഇടപെടലുണ്ടായി. മറ്റു പല ജനകീയ ആവശ്യങ്ങളും ഏകാംഗ സമരവും പരാതികളും നിവേദനങ്ങളുമായി അധികാരികളുടെ മുന്നിലെത്തിച്ചിട്ടുണ്ട്. വിവരാവകാശ പ്രവർത്തകനുമായിരുന്നു.
ഭാര്യ: അഴീക്കോട് ജെട്ടിയിൽ കണ്ണാംകുളത്ത് അലവി മാസ്റ്ററുടെ മകൾ മർഫി. മക്കൾ: ടുലിപ് അബ്ദുല്ലത്തീഫ്, ടുത്തിൽ അബ്ദുൽ ലത്തീഫ് (ഇരുവരും അബൂദബിയിൽ എൻജിനീയർമാർ). മരുമകൾ: ഡോ. നേഹ സുൽത്താന (മോഡേൺ ഹോസ്പിറ്റൽ, കൊടുങ്ങല്ലൂർ). ഖബറടക്കം തിങ്കളാഴ്ച വൈകീട്ട് നാലിന് ചേരമാൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.