*വെള്ളം വാങ്ങി തിരിച്ച് കയറുന്നതിനിടക്കാണ് അപകടം
തൃശൂർ: റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ ചാടിക്കയറുന്നതിനിടെ കാൽതെറ്റി വീണ് വിദ്യാർഥി മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി കൊലാരം മത്തായി സെബാസ്റ്റ്യന്റെ മകൻ മിലൻ സെബാസ്റ്റ്യനാണ് (22) മരിച്ചത്. ഹൈദരബാദിൽനിന്ന് തിരുവനന്തപുരം പോകുകയായിരുന്ന ശബരി എക്സ്പ്രസിൽനിന്ന് വീണാണ് അപകടം. പാലക്കാട്ടുനിന്ന് മിലൻ എറണാകുളത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.
വെള്ളം വാങ്ങാനായി തൃശൂർ സ്റ്റേഷനിൽ ഇറങ്ങിയതായിരുന്നു. തിരിച്ചു വരുമ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങിയതിനാൽ ചാടിക്കയറുകയായിരുന്നു.
കാൽവഴുതി ട്രെയിനിന് അടിയിൽപെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ മിലനെ ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പോക്കറ്റിലുണ്ടായിരുന്ന തിരിച്ചറിയൽ കാർഡിൽനിന്നുമാണ് വിലാസം അറിഞ്ഞത്. മാതാപിതാക്കൾ വിദേശത്താണ്. മറ്റ് വിവരങ്ങൾ അന്വേഷിക്കുകയാണെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.