പയ്യന്നൂർ: മുതിർന്ന കോൺഗ്രസ് നേതാവും സംസ്ഥാന കടാശ്വാസ കമീഷൻ മുൻ അംഗവുമായ പയ്യന്നൂരിലെ എം. നാരായണൻകുട്ടി (75) നിര്യാതനായി.
പയ്യന്നൂർ കണ്ടങ്കാളിയിലെ മഞ്ഞാച്ചേരി അടിയോടി വീട്ടിൽ ദേവി പിള്ളായാതിരി അമ്മയുടെയും കുന്നിയൂർ കേശവ കുറുപ്പിന്റെയും മകനാണ്. കെ.എസ്.യു താലൂക്ക്, ജില്ല പ്രസിഡന്റായും സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ട്രഷററായി പ്രവർത്തിച്ചതിനു ശേഷം നീണ്ട 16 വർഷം ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 1982 മുതൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗമാവുകയും തുടർന്ന് കെ.പി.സി.സി നിർവാഹക സമിതി അംഗമായും പ്രവർത്തിച്ചു.
പയ്യന്നൂർ കോഓപറേറ്റിവ് സ്റ്റോർ ജീവനക്കാരൻ, പയ്യന്നൂർ സർവിസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം, കണ്ണൂർ ജില്ല ആയുർവദ മെഡിക്കൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റിവ് ചെയർമാൻ, കണ്ണൂർ കോഓപറേറ്റിവ് സ്പിന്നിങ് മിൽ ഡയറക്ടർ, ജില്ല സഹകരണ ബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ, സംസ്ഥാന സർക്കാർ എക്സിബിറ്റ് ലൈസൻസി അതോറിറ്റി മെംബർ, ഓൾ ഇന്ത്യ പാഡിഗ്രോവേർസ് കൺസൾട്ടേറ്റിവ് ബോർഡ് ഡയറക്ടർ, പിലാത്തറ അർബൻ കോഓപറേറ്റിവ് സൊസൈറ്റി ചെയർമാൻ, കേരള ഗാർമെന്റ്സ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ടി.വി. ശോഭ (റിട്ട. സെക്രട്ടറി പയ്യന്നൂർ ടൗൺ കോഓപറേറ്റിവ് ബാങ്ക്, പ്രസിഡന്റ് പയ്യന്നൂർ വനിത സഹകരണ സൊസൈറ്റി).
മക്കൾ: ശരത് നമ്പ്യാർ (ആരോഗ്യ ഹോം ഫിറ്റ്നസ് സൊലൂഷ്യൻ പയ്യന്നൂർ), ഡോ. വരുൺ നമ്പ്യാർ (നമ്പ്യാർസ് ഡെന്റൽ സെന്റർ, പയ്യന്നൂർ). മരുമക്കൾ: രേഷ്മ ശരത് (മട്ടന്നൂർ), ഡോ. ധനലക്ഷ്മി വരുൺ (നീലേശ്വരം). സഹോദരങ്ങൾ: ഡോ.എം. കേശവൻകുട്ടി (ബക്കളം), പരേതരായ എം. രാജഗോപാൽ, എം. കമലാദേവി.