കിളിമാനൂർ: കിളിമാനൂർ കൊട്ടാരത്തിലെ സി.ആർ. കേരളവർമ (മൂത്ത കോയിത്തമ്പുരാൻ -88) നിര്യാതനായി. കിളിമാനൂർ ആർ.ആർ.വി സ്കൂളിലെ മുൻ അധ്യാപകനാണ്. ‘സന്യാസിത്തമ്പുരാൻ’ എന്നാണറിയപ്പെട്ടിരുന്നത്. അടുത്തിടെ വാനപ്രസ്ഥാശ്രമ ദീക്ഷ സ്വീകരിച്ചിരുന്നു. സംസ്കൃത ഭാഷ, തന്ത്രശാസ്ത്രം, വേദോപനിഷത്തുകൾ, ഗണിത ശാസ്ത്രം, ഊർജതന്ത്രം എന്നിവയിൽ പണ്ഡിതനായിരുന്നു. വൈയാസകി (വ്യാസശിഷ്യൻ) എന്ന തൂലിക നാമത്തിൽ ‘വാനപ്രസ്ഥാശ്രമം’ ഗ്രന്ഥം രചിച്ചിട്ടുണ്ട്. ത്രൈവേദിക സന്ധ്യാപദ്ധതി എന്ന ഗവേഷണ ഗ്രന്ഥവും, ബോധാനന്ദ ഗീത, യോഗയാജ്ഞവത്ക്യം, കരീന്ദ്രൻ തമ്പുരാന്റെ രണ്ടു കൃതികൾ എന്നീ ഗ്രന്ഥങ്ങൾക്ക് ഭാഷ്യവും, നിരവധി ലേഖനങ്ങളും രചിച്ചിട്ടുണ്ട്. ആചാര്യരത്നം ബഹുമതിയും രേവതി പട്ടത്താനം പുരസ്കാരവും ലഭിച്ചിട്ടുണ്ട്.