മൂന്നാർ: വിനോദ സഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഗുരുവായൂര്‍ പേരകംപള്ളി സ്വദേശി തെക്കുപുരയ്ക്കല് വിനോദ് ഖന്നയാണ് (47) മരിച്ചത്.
ദേവികുളം ലോക്കാട് ഗ്യാപ്പിന് സമീപം ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം. ഒപ്പമുണ്ടായിരുന്നു മൂന്നുപേര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുരുവായൂരിൽനിന്ന് നാലംഗസംഘം ചൊവ്വാഴ്ചയാണ് മൂന്നാറിലെത്തിയത്. ബുധനാഴ്ച രാവിലെ മാട്ടുപ്പെട്ടി സന്ദര്‍ശിച്ചശേഷം കൊളുക്കുമലയിലേക്ക് പോകുന്ന വഴിയിലായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ 150 അടിയോളം താഴ്ചയിലേക്കാണ് വീണത്. നിരവധിതവണ മലക്കംമറിഞ്ഞ കാര്‍ ഒടുവിൽ തേയിലക്കാട്ടിലാണ് തങ്ങിനിന്നത്. വിനോദ് ഖന്ന കാറിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണു. സംഭവസ്ഥലത്തുണ്ടായിരുന്ന തോട്ടം തൊഴിലാളികളാണ് പരിക്കേറ്റവരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്.
ഗുരുവായൂരിൽ ഇന്റീരിയൽ ഡിസൈനറാണ് മരിച്ച വിനോദ്. പിതാവ്: കേശവൻ. ഭാര്യ: സുവ്യ. മക്കൾ: ചന്ദന, ചഞ്ചന, ചൈതിക്. ദേവികുളം പൊലീസ് നടപടി സ്വീകരിച്ചു.