കട്ടപ്പന: വൈദ്യുതിലൈനിൽ അറ്റകുറ്റപ്പണിക്കിടെ കെ.എസ്.ഇ.ബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കട്ടപ്പന സെക്ഷൻ ഒാഫിസിലെ ലൈൻമാൻ, നിർമല സിറ്റി മണ്ണാത്തിക്കുളത്തിൽ എം.വി. ജേക്കബാണ് (ബെന്നി -52) മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ കട്ടപ്പന ഗാന്ധി സ്ക്വയറിനുസമീപം റോഡരികിലെ വൈദ്യുതി ലൈനിൽ പോസ്റ്റിന് മുകളിൽ ജോലി ചെയ്യുന്നതിനിടെയാണ് ഷോക്കേറ്റത്.
അഗ്നിരക്ഷാ സേനാംഗങ്ങളെത്തി പോസ്റ്റിൽ െവച്ചുതന്നെ പ്രഥമ ശുശ്രൂഷ നൽകിയശേഷം താഴെയിറക്കി. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ലൈൻ പൂർണമായി ഓഫ് ചെയ്തശേഷമാണ് അറ്റകുറ്റപ്പണി നടത്തിയതെന്ന് കെ.എസ്.ഇ.ബി അധികൃതർ പറയുന്നു. എന്നാൽ, ലൈനിൽ എങ്ങനെ വൈദ്യുതി പ്രവഹിച്ചു എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.
അപകടം നടന്ന പോസ്റ്റിൽനിന്ന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് കണക്ഷൻ എടുത്തിട്ടുണ്ട്. ഈ സ്ഥാപനങ്ങളിലെ ജനറേറ്ററിൽനിന്ന് പോസ്റ്റിലേക്ക് വൈദ്യുതിപ്രവാഹം ഉണ്ടായോ എന്നും സംശയിക്കുന്നു. അപകടകാരണം സംബന്ധിച്ച് കെ.എസ്.ഇ.ബി അധികൃതർ വിദഗ്ധ പരിശോധന നടത്തും. കട്ടപ്പന പൊലീസ് കേസെടുത്തു.
ജേക്കബിെൻറ സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വാഴവര സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ: ജയ്സമ്മ. മക്കൾ: ജോബിൻ, ജോസ്മി.